Asianet News MalayalamAsianet News Malayalam

'ഭിന്നിപ്പുണ്ടാക്കുന്നവരുടെ കയ്യിലെ ചട്ടുകമാകരുത്'! ടിക്കായത്തിന് സംയുക്ത കിസാൻ മോർച്ചയുടെ മുന്നറിയിപ്പ്

സ്വന്തം നിലയ്ക്ക് സമരപരിപാടികൾ പ്രഖ്യാപിക്കരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കയത്തിനോട് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു.

farmers protest farm law rakesh tikait
Author
Delhi, First Published Feb 26, 2021, 2:08 PM IST

ദില്ലി: കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നടത്തുന്ന കർഷക സംഘടനകൾക്കിടയിൽ ഭിന്നത. സ്വന്തം നിലയ്ക്ക് സമരപരിപാടികൾ പ്രഖ്യാപിക്കരുതെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്തിനോട് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. സമരക്കാർക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്നവരുടെ കയ്യിലെ ചട്ടുകമാകരുതെന്നും മുന്നറിയിപ്പ് നൽകിയ സംയുക്ത കിസാൻ മോർച്ച ഭാവിപരിപാടികൾ തീരുമാനിക്കാൻ നാളെ യോഗം ചേരും

കാർഷിക നിയമങ്ങൾ പിൻവലിച്ചില്ലെങ്കിൽ പാർലമെന്റിലേക്ക് ട്രാക്റ്റർ മാർച്ച് നടത്തുമെന്ന് രാജസ്ഥാനിലെ മഹാപഞ്ചായത്തിൽ രാകേഷ് ടിക്കയത്ത് പ്രഖ്യാപിച്ചതാണ് സംയുക്ത കിസാൻ മോർച്ചയെ ചൊടിപ്പിച്ചത്. ടിക്കായത്തിന്റെ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നു കിസാൻ മോർച്ച വ്യക്തമാക്കി. സ്വന്തം നിലയ്ക്ക് സമരപരിപാടികൾ പ്രഖ്യാപിക്കുന്നത് ഒഴിവാക്കണം. കൂട്ടായ നേതൃത്വമാണ് 3 മാസം പൂർത്തിയായ സമരത്തിന്റെ ശക്തി. സമരക്കാർക്കിടയിൽ ഭിന്നിപ്പുണ്ടെന്ന് പ്രചരിപ്പിക്കുന്നവരുടെ ചട്ടുകമാകരുത്. കിസാൻ മോർച്ചയുടെ സമരപരിപാടികളോട് സഹകരിക്കണമെന്നും രാകേഷ് ടിക്കായത്തിനോട് സംഘടന ആവശ്യപ്പെട്ടു. 

മൂന്നാംഘട്ട സമര പരിപാടികളിൽ തീരുമാനമെടുക്കാൻ നാളെ കർഷകസംഘടനകൾ സിംഘുവിൽ  യോഗം ചേരും. ചർച്ചയ്ക്ക് തയ്യാറെന്ന കേന്ദ്ര നിർദേശവും അജണ്ടയിൽ ഉണ്ട്. സമരാതിർത്തികളിൽ ഇന്ന് യുവ കിസാൻ ദിവസമായി  ആചരിക്കുകയാണ്. യുവാക്കളുടെ നേതൃത്വത്തിലാണ് സമരം. കർഷക പ്രക്ഷോഭങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൃഷി മന്ത്രിയുടെ ഓഫീസിലേക്ക് കിസാൻ കോൺഗ്രസ്‌ മർച്ച്‌ നടത്തി.

Follow Us:
Download App:
  • android
  • ios