അമൃത്സർ: പഞ്ചാബ് തദ്ദേശഭരണതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടഫലസൂചനകൾ പുറത്തുവരുമ്പോൾ, ബിജെപിക്ക് വൻതിരിച്ചടി. കോൺഗ്രസാണ് ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ മുന്നിട്ടുനിൽക്കുന്നത്. രണ്ടാം സ്ഥാനത്ത് ശിരോമണി അകാലിദളാണ്. ഏറ്റവുമൊടുവിൽ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളിൽ കോൺഗ്രസ് വിജയമുറപ്പിച്ചുകഴിഞ്ഞു. നാലെണ്ണത്തിൽ മുന്നിട്ട് നിൽക്കുന്നു. മൊഹാലി കോർപ്പറേഷനിലെ ഫലം പ്രഖ്യാപിക്കുന്നത് നാളേയ്ക്ക് മാറ്റിയിട്ടുണ്ട്. അങ്ങനെ എട്ടിൽ ഏഴ് കോർപ്പറേഷനുകളിലും കോൺഗ്രസ് മുന്നിട്ടുനിൽക്കുകയാണ്. 

എട്ട് മുൻസിപ്പൽ കോർപ്പറേഷനുകളിലെ 2302 വാർഡുകളിലേക്കും, 109 മുൻസിപ്പൽ കൌൺസിൽ നഗർ പഞ്ചായത്തുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഈ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ കോൺഗ്രസിനും, ആം ആദ്മി പാർട്ടി, ശിരോമണി അകാലി ദൾ എന്നീ പാർട്ടികൾക്കും നിർണായകമാണെങ്കിലും, അഗ്നിപരീക്ഷ ബിജെപിക്കാണ്. കർഷകനിയമങ്ങൾക്കെതിരെ പ്രക്ഷോഭം അലയടിക്കുന്ന പഞ്ചാബിൽ, നിയമങ്ങൾ പാസ്സാക്കിയ ശേഷം നടക്കുന്ന ആദ്യതെരഞ്ഞെടുപ്പിൽ ജനരോഷം വ്യക്തമാണ്. 

71.39 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ തെരഞ്ഞെടുപ്പിൽ തീർച്ചയായും ബിജെപി അനുകൂലതരംഗമല്ല കാണുന്നതെന്ന് വ്യക്തമാണ്.  ശിരോമണി അകാലിദൾ കേന്ദ്രമന്ത്രിസഭയിൽ നിന്ന് രാജിവച്ചതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പ് കർഷകനിയമങ്ങളുടെ റഫറൻഡമായിരിക്കുമെന്ന് നേരത്തേ പ്രതിപക്ഷപാർട്ടികൾ പ്രഖ്യാപിച്ചിരുന്നതുമാണ്.

മിക്ക മുൻസിപ്പൽ കോർപ്പറേഷനുകളിലും വാർഡുകളിലും മുന്നിൽ നിൽക്കുന്നത് കോൺഗ്രസാണ്. മുൻ ബിജെപി മന്ത്രി ത്രിക്ഷൻ സൂദിന്റെ ഭാര്യ ഹോഷിയാർപൂരിൽ നിന്ന് തോറ്റു. അമൃത്സറിൽ മുന്നിൽ നിൽക്കുന്നത് കോൺഗ്രസാണ്. ശിരോമണി അകാലിദൾ രണ്ടാംസ്ഥാനത്താണ്. ഫാസിൽക, ജാഗ്രാവ്, അബോഹർ, മോഗ എന്നിവിടങ്ങളിലും കോൺഗ്രസ് മുന്നിൽ നിൽക്കുന്നു. മൊഹാലി കോർപ്പറേഷനിലെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് നാളേയ്ക്ക് മാറ്റി. അവിടെ ചില വാർഡുകളിൽ റീപോളിംഗ് വേണ്ടി വന്നതിനാലാണ് ഫലപ്രഖ്യാപനം മാറ്റിയത്. 

കോൺഗ്രസ് വൻ അക്രമമാണ് പലയിടത്തും അഴിച്ചുവിട്ടതെന്നും, ബൂത്ത് പിടിച്ചെടുക്കലടക്കം നടത്തിയെന്നും, ബിജെപി തെരഞ്ഞെടുപ്പ് ദിവസം തന്നെ ആരോപിച്ചിരുന്നു. എന്നാൽ കോൺഗ്രസ് ഇതിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തുന്നു. കർഷകനിയമങ്ങൾക്കെതിരെ പഞ്ചാബിലെ ജനം വിധിയെഴുതുന്ന തെരഞ്ഞെടുപ്പാകും ഇതെന്നും പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് വ്യക്തമാക്കിയിരുന്നു.