ദില്ലി: കർഷക സമരവുമായി ബന്ധപ്പെട്ട് ചർച്ചയ്ക്ക് അമിത് ഷാ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ തള്ളി കർഷക സംഘടനകൾ. അമിത്ഷാ അഹങ്കാരം ഉപേക്ഷിക്കണമെന്നും എവിടെ സമരം നടത്തണമെന്ന് കർഷകർ തീരുമാനിക്കുമെന്നും സംഘടനകൾ വ്യക്തമാക്കി. ബുറാഡിയിലേക്ക് നീങ്ങിയാൽ ചർച്ചയ്ക്ക് തയ്യാറാണെന്ന അമിത് ഷായുടെ നിലപാട് തള്ളി. ബുറാഡിയിലേക്ക് നീങ്ങേണ്ടെന്നും ദില്ലിയുടെ എല്ലാ അതിർത്തികളും വളയാനും കർഷക സംഘടനകൾ തീരുമാനിച്ചു. ഇപ്പോൾ സമരം നടക്കുന്ന സ്ഥലത്തേക്ക് കേന്ദ്രസർക്കാർ വന്നാൽ മാത്രം ചർച്ചയെന്നാണ് കർഷക സംഘടനകളുടെ നിലപാട്.

സർക്കാരിന് മേൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ദില്ലിയുടെ എല്ലാ അതിർത്തികളും വളയാനുള്ള തീരുമാനം. യാതൊരു ഉപാധികളുമില്ലാതെ മാത്രമേ സർക്കാരുമായി ചർച്ച നടത്തൂ എന്നും തീരുമാനമുണ്ട്. കര്‍ഷക രോഷത്തെ തണുപ്പിക്കാന്‍ മാത്രം  ചര്‍ച്ച എന്ന  നിലപാടാണ് കേന്ദ്രത്തിന്‍റേത്. മൂന്നിന് പ്രതിഷേധക്കാരുമായി ചര്‍ച്ചക്കിരിക്കുമെങ്കിലും  താങ്ങുവില എടുത്തു കളയില്ലെന്നതടക്കമുള്ള  ഉറപ്പുകള്‍ ആവര്‍ത്തിക്കാനാകും സാധ്യത.  പ്രതിഷേധത്തെ പ്രതിരോധിക്കാന്‍  പ്രചാരണപരിപാടികള്‍ക്ക് ബിജെപി  താഴേ തട്ടിലേക്ക് നിര്‍ദ്ദേശം കൂടി നല്‍കിയതോടെ സര്‍ക്കാര്‍ വിട്ടുവീഴ്ചക്കില്ലെന്ന് വ്യക്തമാകുകയാണ്. 

പ്രതിഷേധം ശക്തമാകുന്നതിനിടയിലും കാര്‍ഷിക നിയമത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്ത് വന്നു. പ്രതിഫലം  നിയമം മൂലം  ഉറപ്പ് വരുത്തുന്നതിലൂടെ കര്‍ഷകര്‍ക്ക് പുതിയ അവകാശം ലഭിക്കുകയാണെന്ന് പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തില്‍  മോദി അവകാശപ്പെട്ടു. നിരവധി ചര്‍ച്ചകളിലൂടെ നടപ്പാക്കിയ നിയമം കര്‍ഷക നന്മക്കാണെന്നും പ്രധാനമന്ത്രി ആവര്‍ത്തിച്ചു. പുതിയ നിയമം കര്‍ഷകരും പഠിക്കണം. ആഗ്രഹിക്കുന്ന വില ഉത്പന്നത്തിന് ലഭ്യമാകും. വിശദമായ ചര്‍ച്ചക്ക് ശേഷമാണ് നിയമം നടപ്പിലാക്കിയതെന്ന്  അടിവരയിട്ട പ്രധാനമന്ത്രി കര്‍ഷകരുടെ പ്രതിഷേധത്തോട് പ്രതികരിച്ചതേയില്ല.