ചർച്ചയിൽ പറയുന്ന കാര്യമല്ല കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങൾക്ക് മുമ്പിൽ പറയുന്നതെന്ന് കർഷക സംഘടന നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാൾ
ദില്ലി: ഒത്തുതീർപ്പിനുള്ള കേന്ദ്ര നിർദ്ദേശം തള്ളി കർഷക സംഘടനകൾ. സർക്കാരിൻറെ നിർദ്ദേശത്തിൽ ആശ്വസിക്കാനൊന്നുമില്ലെന്ന് സംയുക്ത കിസാൻ മോര്‍ച്ച നേതാക്കൾ നിലപാടെടുത്തു. അഞ്ച് വിളകൾക്ക് താങ്ങുവില നൽകി അടുത്ത അഞ്ച് വര്‍ഷം സംഭരിക്കാമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശം. ഈ സാഹചര്യത്തിൽ ബുധനാഴ്ച ദില്ലി ചലോ മാർച്ച് തുടങ്ങുമെന്ന് കര്‍ഷക നേതാക്കൾ വ്യക്തമാക്കുന്നു.
ചർച്ചയിൽ പറയുന്ന കാര്യമല്ല കേന്ദ്രസര്‍ക്കാര്‍ മാധ്യമങ്ങൾക്ക് മുമ്പിൽ പറയുന്നതെന്ന് കർഷക സംഘടന നേതാവ് ജഗ്‌ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു. കർഷകരോട് കാണിക്കുന്നത് അനീതിയാണ്. ബുധനാഴ്ച 11 മണിക്ക് ദില്ലി മാർച്ച് പുനരാരംഭിക്കും. സമാധാനപരമായ സമരത്തിന് സർക്കാർ അനുവദിക്കണമെന്ന് സർവൻ സിങ് പാന്തറും ആവശ്യപ്പെട്ടു.
കഴിഞ്ഞ പത്ത് വർഷത്തെ ഭരണത്തിൽ മോദി സർക്കാരിന് 2021-ൽ പഞ്ചാബിലെയും,ഹരിയാനയിലേയും, പടിഞ്ഞാറൻ ഉത്തർപ്രദേശിലെയും കർഷകർ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തിന് മുന്നിൽ മാത്രമാണ് മുട്ടുമടക്കേണ്ടി വേണ്ടത്. അന്ന് 40-ന് മുകളിൽ വരുന്ന കർഷക സംഘടനകൾ ചേർന്ന് രൂപീകരിച്ച സംയുക്ത കിസാൻ മോർച്ചയാണ് സമരം നടത്തിയത്. ഇപ്പോൾ ഈ 40 സംഘടനകളിൽ ഒരു വിഭാഗം കർഷകർ മാത്രം ചേർന്ന് രൂപീകരിച്ച സംയുക്ത കിസാൻ മോർച്ച (അരാഷ്ട്രീയ വിഭാഗം) ആണ് സമരം നടത്തുന്നത്.
ഒൻപത് ആവശ്യങ്ങൾ മുൻനിർത്തിയാണ് ഇപ്പോഴത്തെ സമരം. എല്ലാ കാർഷിക വിളകൾക്കും താങ്ങ് വില പ്രഖ്യാപിച്ചു കൊണ്ടുള്ള നിയമനിർമ്മാണമാണ് പ്രധാന ആവശ്യം. നിലവിൽ 22 കാർഷിക വിളകൾക്കാണ് കേന്ദ്ര സർക്കാർ താങ്ങ് വില പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ത്യയിലെ പൊതു വിതരണ ശൃംഖലയിലേക്കാണ് സർക്കാർ താങ്ങ് വില നൽകി വാങ്ങുന്ന വിളകൾ പോകുന്നത്. വിളകളുടെ ആഗോള വില പരിഗണിക്കുമ്പോൾ എല്ലാ വിളകൾക്കും താങ്ങുവില പ്രായോഗികമല്ലെന്നാണ് സർക്കാർ വാദം.
കാർഷിക കടങ്ങൾ എഴുതി തള്ളണമെന്ന ആവശ്യമാണ് മറ്റൊന്ന്. എംഎസ് സ്വാമിനാഥൻ കമ്മീഷന്റെ നിർദ്ദേശങ്ങളിൽ കാർഷിക കടങ്ങൾ എഴുതി തള്ളാനുള്ള നിർദ്ദേശമുണ്ടെന്നും സമരക്കാർ വാദിക്കുന്നു. സ്വാതന്ത്ര വ്യാപര കരാറുകളിൽ നിന്നും ഇന്ത്യ പുറത്തുവരണമെന്നും നിലവിൽ വ്യാപാര കരാറുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകൾ അവസാനിപ്പിക്കണമെന്നുമാണ് കർഷകരുടെ മൂന്നാമത്തെ ആവശ്യം. എല്ലാ കാർഷിക ഉത്പന്നങ്ങളുടെയും ഇറക്കുമതി തീരുവ വർധിപ്പിച്ചാൽ ഇന്ത്യയിൽ ഉത്പാദിക്കുന്ന വിളകൾക്ക് വില സ്ഥിരത ഉറപ്പാകുമെന്നും കർഷകർ കരുതുന്നു
വൈദ്യൂതി ബോർഡുകൾ സ്വകാര്യവത്കരിക്കരുത്, കൃഷിയും ചില്ലറ വ്യാപരവും ചെറുകിട സംരംഭകർക്കായി സംവരണം ചെയ്യണം, കാർഷിക മേഖലയിലെ കോർപ്പറേറ്റ് വൽക്കരണം അവസാനിപ്പിക്കണം, കര്‍ഷക പെന്‍ഷന്‍ പ്രതിമാസം അയ്യായിരം രൂപയായി വര്‍ധിപ്പിക്കണം, സമരവുമായി ബന്ധപ്പെട്ട് കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണം, ലഖിംപൂർ ഖേരിയിൽ കൊല്ലപ്പെട്ട കർഷകരുടെ കുടുംബങ്ങൾക്ക് സഹായധനം നൽകണം എന്നിവയാണ് സമരം ചെയ്യുന്നവരുടെ മറ്റ് ആവശ്യങ്ങൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ്
