Asianet News MalayalamAsianet News Malayalam

22 കേസ്, 300 പൊലീസുകാർക്ക് പരിക്ക്, 200 പേർ കസ്റ്റഡിയിൽ, സംയുക്ത സമര സമിതിയിൽ ഭിന്നത

പൊലീസുകാരും സമരക്കാർക്കും ഇടയിലുണ്ടായ സംഘർഷത്തിൽ നിരവധി സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു. നേരത്തേ നിശ്ചയിച്ച വഴികൾക്ക് പകരം ഗതിമാറി മറ്റ് വഴികളിലൂടെ കർഷകർ യാത്ര തുടങ്ങിയതോടെ പൊലീസ് കടുത്ത നടപടി തുടങ്ങുകയായിരുന്നു. 

farmers tractor rally violence live updates rioting farmers injure cops damage public property cases filed
Author
New Delhi, First Published Jan 27, 2021, 9:38 AM IST

ദില്ലി: കർഷകരുടെ ട്രാക്റ്റർ പരേഡുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ദില്ലി പൊലീസ് 22 കേസുകൾ റജിസ്റ്റർ ചെയ്തു. ചെങ്കോട്ടയിൽ വലിയ സുരക്ഷാ സന്നാഹം ഏർപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കേന്ദ്രസേനയുൾപ്പടെയുള്ളവരെയാണ് ചെങ്കോട്ടയുൾപ്പടെയുള്ള തന്ത്രപ്രധാനമേഖലകളിൽ വിന്യസിച്ചിരിക്കുന്നത്. അക്രമങ്ങളിൽ ആകെ 300 പൊലീസുദ്യോഗസ്ഥർക്ക് പരിക്കേറ്റുവെന്നാണ് ദില്ലി പൊലീസ് വ്യക്തമാക്കുന്നത്. രണ്ട് പേർ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്. ഇരുന്നൂറ് സമരക്കാർ പൊലീസ് കസ്റ്റഡിയിലാണ്. ഇന്നലെ ഐടിഒ ജംഗ്ഷനിലുണ്ടായ സംഘർഷത്തിൽ ഒരു കർഷകൻ മരിച്ചിരുന്നു. ഉത്തരാഖണ്ഡ് സ്വദേശിയാണ് മരിച്ചത്.  

ദില്ലിയുടെ വിവിധ ഭാഗങ്ങളിലും എൻസിആർ മേഖലകളിലും ഇന്ന് മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങൾക്ക് തടസ്സം നേരിടും. ഇന്നലെ സിംഘു, തിക്രി, ഗാസിപൂർ, മുകാർബ ചൗക്, നാൻഗ്ലോയ് എന്നിവിടങ്ങളിൽ ഉച്ചമുതൽ അർദ്ധരാത്രി വരെ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയിരുന്നു. ഇതേ മേഖലകളിൽ ഇന്നും, ആവശ്യമെന്ന് തോന്നുകയാണെങ്കിൽ മൊബൈൽ സേവനം റദ്ദാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. 

ഇന്നും ലാൽകില, ജുമാ മസ്ജിദ് എന്നീ മെട്രോ സ്റ്റേഷനുകൾ അടഞ്ഞു കിടക്കും. ഇവിടങ്ങളിലൂടെ പ്രവേശനമുണ്ടാകില്ല. സ്റ്റേഷനുകളുടെ പ്രവർത്തനം സാധാരണ പോലെ തുടരും. എന്നാൽ എൻട്രി, എക്സിറ്റ് ഗേറ്റുകൾ അടഞ്ഞുകിടക്കുമെന്നും മെട്രോ അധികൃതർ അറിയിച്ചു. 

പൊലീസുകാരും സമരക്കാർക്കും ഇടയിലുണ്ടായ സംഘർഷത്തിൽ നിരവധി സമരക്കാർക്കും പൊലീസുകാർക്കും പരിക്കേറ്റിരുന്നു. നേരത്തേ നിശ്ചയിച്ച വഴികൾക്ക് പകരം ഗതിമാറി മറ്റ് വഴികളിലൂടെ കർഷകർ യാത്ര തുടങ്ങിയതോടെ പൊലീസ് കടുത്ത നടപടി തുടങ്ങുകയായിരുന്നു. നിശ്ചയിച്ചതിലും രണ്ട് മണിക്കൂർ നേരത്തേ ട്രാക്റ്റർ പരേഡ് പല അതിർത്തികളിൽ നിന്നും തുടങ്ങിയിരുന്നു. പലയിടത്തും സമരക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. ലാത്തിച്ചാർജും കണ്ണീർവാതകവും പ്രയോഗിക്കപ്പെട്ടു. ചിലയിടത്ത് പൊലീസ് വെടിവച്ചുവെന്ന് കർഷകസംഘടനകൾ ആരോപിക്കുന്നു. പൊലീസ് വെടിവെപ്പിൽ ട്രാക്റ്റർ മറിഞ്ഞാണ് കർഷകൻ മരിച്ചതെന്ന് കർഷകസംഘടനകൾ പറയുമ്പോൾ ദില്ലി പൊലീസ് അത് നിഷേധിക്കുന്നു. സ്ഥലത്ത് വെടിവെപ്പ് നടന്നിട്ടേയില്ലെന്നാണ് ദില്ലി പൊലീസ് പറയുന്നത്.

ഇതിനിടെയാണ് ഒരു സംഘം കർഷകർ ചെങ്കോട്ടയിലെത്തിയത്. അവിടെയെത്തി ലാഹോറി ഗേറ്റിലും ചെങ്കോട്ടയിലും ദീപ് സിദ്ദുവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം കർഷകർ വിവിധ സിഖ് സംഘടനകളുടെ പതാക കെട്ടി. അവിടെ നിന്ന് അവരെ ഇറക്കി വിടാൻ പൊലീസിന് നന്നേ ബുദ്ധിമുട്ടേണ്ടി വന്നു. ദില്ലിയുടെ പലയിടങ്ങളിലും സംഘർഷം രൂക്ഷമായപ്പോൾ അർദ്ധസൈനികവിഭാഗത്തെ നഗരത്തിൽ വിന്യസിച്ചു. രണ്ടായിരത്തോളം അർദ്ധസൈനികരെ ദില്ലിയുടെ പല ഭാഗങ്ങളിലായി ഇറക്കി. ഒടുവിൽ ട്രാക്റ്റർ പരേഡ് അവസാനിപ്പിക്കുകയാണെന്ന് സംയുക്ത കിസാൻ മോർച്ചയ്ക്ക് പ്രഖ്യാപിക്കേണ്ടി വന്നു.

നിരവധി പൊതുവാഹനങ്ങളും മറ്റ് വസ്തുക്കളുമാണ് റിപ്പബ്ലിക് ദിനത്തിലുണ്ടായ സംഘർഷത്തിൽ നശിപ്പിക്കപ്പെട്ടത്. പൊലീസിന് മാത്രം, നൂറ് കോടിയോളം രൂപയുടെ വസ്തുക്കളുടെ നാശനഷ്ടം ഇത് വഴിയുണ്ടായെന്നാണ് കണക്കാക്കപ്പെടുന്നത്.  

സെപ്റ്റംബറിൽ കേന്ദ്രസർക്കാർ പാസ്സാക്കിയ കാർഷികനിയമഭേദഗതികൾക്കെതിരെ പ്രതിഷേധവുമായാണ് ട്രാക്റ്റർ പരേഡുമായി കാർഷിക സംഘടനകൾ റിപ്പബ്ലിക് ദിനത്തിൽ ദില്ലിയിലെ നിരത്തിലിറങ്ങിയത്. അത് വലിയ സംഘർഷത്തിലേക്ക് വഴിമാറിയതോടെ സംയുക്ത കിസാൻ മോർച്ചയിൽത്തന്നെ ഭിന്നത ഉടലെടുക്കുന്ന സാഹചര്യമാണെന്ന് ദില്ലി ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

പാർലമെന്‍റ് മാർച്ച് ഇനി നടക്കുമോ? 

41 കർഷകസംഘടനകൾ ചേർന്ന സംയുക്ത കൂട്ടായ്മയാണ് സംയുക്ത കിസാൻ മാർച്ച. സിംഘു, തിക്രി, ഗാസിപൂർ എന്നീ അതിർത്തികളിൽ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത് ഈ കൂട്ടായ്മയാണ്. രാഷ്ട്രീയപാർട്ടികളുമായി സഖ്യം വേണ്ടെന്നും, സ്വതന്ത്രമായി തീരുമാനമെടുക്കാമെന്നും നിലപാടെടുത്തിട്ടുള്ള കൂട്ടായ്മയാണിത്. പലപ്പോഴും ഇതിൽ ഭിന്നാഭിപ്രായങ്ങളുണ്ടായിട്ടുള്ളപ്പോഴും അത് പുറത്തെത്തിക്കാതെ, ഒരു ഏകാഭിപ്രായം പുറത്ത് മാധ്യമങ്ങളോടും സർക്കാരിനോടും പറയാൻ സംയുക്ത കിസാൻ മോർച്ചയ്ക്ക് കഴിഞ്ഞിരുന്നു. അങ്ങനെ കർഷകസംഘടനകളെ ഒന്നിച്ച് നിർത്താൻ അവർക്ക് സാധിച്ചിരുന്നു. ഇന്നലത്തെ അക്രമം അത്തരത്തിൽ ഉള്ള ഐക്യസാധ്യതകളെ ഉലച്ചോ എന്ന ആശങ്കകളാണ് ഉയർത്തുന്നത്. ഇന്നലെ ട്രാക്റ്റർ പരേഡ് അവസാനിപ്പിക്കാനുള്ള പ്രഖ്യാപനം ഒടുവിൽ അക്രമങ്ങളെത്തുടർന്ന് സംയുക്ത കിസാൻ മോർച്ചയ്ക്ക് നടത്തേണ്ടി വന്നിരുന്നു. ഇനി ബജറ്റ് ദിനത്തിൽ പാർലമെന്‍റിലേക്ക് നടത്താനിരിക്കുന്ന പാർലമെന്‍റ് മാർച്ച് തുടരണോ എന്ന കാര്യത്തിൽ മോർച്ചയ്ക്ക് അകത്ത് ഏകാഭിപ്രായമില്ല എന്നാണ് സൂചന. അക്രമത്തിൽ പങ്കില്ലെന്ന് ഔദ്യോഗികമായി സംയുക്ത കിസാൻ മോർച്ച ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 

നിയമം നടപ്പാക്കുന്നത് വൈകിപ്പിക്കാമെന്നതടക്കം, സർക്കാർ നേരത്തേ ചില നിർദേശങ്ങൾ മുന്നോട്ട് വച്ചപ്പോൾ 17 സംഘടനകൾ അത് അംഗീകരിക്കേണ്ടെന്നും, 15 സംഘടനകൾ അത് അംഗീകരിക്കാമെന്നും നിലപാടെടുത്തിരുന്നതാണ്. പഞ്ചാബിൽ നിന്നുള്ള 15 സംഘടനകൾ നിയമം മരവിപ്പിക്കാമെന്ന സർക്കാർ നിലപാടിനോട് യോജിപ്പായിരുന്നു. ആ ഭിന്നത നേരത്തേ ഉള്ളതാണ്. ഇനി അതിന്‍റെ ആഴം കൂടുമോ എന്ന ആശങ്ക ഇപ്പോഴേ ഉയർന്നു കഴി‍ഞ്ഞു. ഇന്ന് രാവിലെ പഞ്ചാബിലെ സംഘടനകൾ യോഗം ചേരാനിരിക്കുകയാണ്. അത് കഴി‍ഞ്ഞാൽ, മറ്റ് സംഘടനകളും യോഗം ചേർന്ന് ഭാവി തീരുമാനം സ്വീകരിക്കും. ദില്ലി അതിർത്തിയിലെ സമാധാനപരമായ സമരം തുടരണം എന്ന് തന്നെയാണ് സംഘടനകളുടെ പൊതുവികാരം. എന്നാൽ പാർലമെന്‍റ് വളയൽ പോലെയുള്ള സമരപരിപാടികൾ വേണോ എന്ന കാര്യത്തിൽ ഇപ്പോഴും ഏകാഭിപ്രായമില്ല. 

Follow Us:
Download App:
  • android
  • ios