മുംബൈ:  പ്രശസ്ത ഫാഷൻ ഡിസൈനർ വെൻഡൽ റോഡ്രിക്സ് അന്തരിച്ചു. 59 വയസ്സായിരുന്നു. ​ഗോവയിലെ വസതിയിൽ ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. വസ്ത്രാലങ്കാര രംഗത്തും എഴുത്തിലും സജീവമായിരുന്ന റോഡ്രിക്സ് സാമൂഹിക വിഷയങ്ങളിലും സജീവമായിരുന്നു. 2014ൽ അദ്ദേഹത്തെ പത്മശ്രീ നൽകി രാജ്യം ആദരിച്ചു. 2003 ൽ പുറത്തിറങ്ങിയ ബൂം, 2008 ൽ പുറത്തിറങ്ങിയ ഫാഷൻ എന്നീ സിനിമകളിലും ട്രൂ വെസ്റ്റ് എന്ന ടെലിവിഷൻ പരമ്പരയിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 

വെൻഡൽ റോഡ്രിക്സിന്റെ നിര്യാണത്തിൽ ഫാഷൻ ഡിസൈൻ കൗൺസിൽ ഓഫ് ഇന്ത്യ അനുശോചനം രേഖപ്പെടുത്തി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്, ആരോഗ്യമന്ത്രി വിശ്വജിത് റാണെ, കേന്ദ്രമന്ത്രി സ്മൃതി ഇറാനി തുടങ്ങിയവരും റോഡ്രിക്സിന്റെ വിയോ​ഗത്തിൽ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. 2020 ഗ്രാമി പുരസ്കാര നിശയിൽ പ്രിയങ്ക ധരിച്ച ഔട്ട്ഫിറ്റിനെ പരിഹസിച്ച് റോഡ്രിക്സ് രംഗത്തെത്തിയത് വിവാദത്തിന് വഴി തെളിച്ചിരുന്നു. പ്രിയങ്കയെ ബോഡി ഷെയിമിം​ഗ് നടത്തിയെന്നായിരുന്നു റോ‍‍ഡ്രിക്സിനെതിരെ ഉയർന്ന ആരോപണം. അതുപോലെ തന്നെ ഐശ്വര്യ റായ്യുടെ വസ്ത്രത്തെ പരിഹസിച്ചു എന്നും അദ്ദേഹത്തിനെതിരെ ആരോപണം ഉയർന്നിരുന്നു.