പനാജി: ഫാഷന്‍ ഡിസൈനറും സാമൂഹ്യപ്രവര്‍ത്തകനുമായ വെന്‍ഡെല്‍ റോഡ്രിക്സ് ഗോവയിലെ വീട്ടില്‍ വച്ച് അന്തരിച്ചു. അറുപത് വയസ്സായിരുന്നു. പത്മശ്രീ പുരസ്കാരം നല്‍കി രാജ്യം ആദരിച്ച പ്രതിഭകൂടിയാണ് അദ്ദേഹം. ഫാഷന്‍ രംഗത്ത് ഇന്ത്യയിലും വിദേശത്തുമായി ഏറെ ശ്രദ്ധേയനായ റോഡ്രിക്സ് സാമൂഹ്യപ്രവര്‍ത്തകന്‍ കൂടിയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം സംസ്കാരച്ചടങ്ങുകള്‍ നടക്കും. 

റോഡ്രിക്സിന്‍റെ ഡിസൈനിംഗ് ലേബര്‍ ശിഷ്യനായ സ്ക്യൂളന്‍ ഫെര്‍ണാണ്ടസിന് അദ്ദേഹം വര്‍ഷങ്ങള്‍ക്ക് മുമ്പ് കൈമാറിയിരുന്നു. തുടര്‍ന്ന് അദ്ദേഹം ഒരുക്കുന്ന മ്യൂസിയത്തിലും പുസ്തക രചനയിലുമായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 

ഇന്ത്യയില്‍ തന്നെ ആദ്യമായി താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് ലോകത്തിന് മുന്നില്‍ വ്യക്തമാക്കിയവരില്‍ ഒരാളാണ് റോഡ്രിക്സ്. എല്‍ജിബിടിക്യു സമുദായത്തിനായി പ്രവര്‍ത്തിക്കുകയും അവര്‍ക്കുവേണ്ടി സംസാരിക്കുകയും ചെയ്തിരുന്നു അദ്ദേഹം. 

പരിസ്ഥിതി പ്രവര്‍ത്തനങ്ങളിലും അദ്ദേഹം പങ്കാളിയായി. ഫാഷനെ കുറിച്ച് നിരവധി പുസ്തകങ്ങള്‍ റോഡ്രിക്സ് രചിച്ചിട്ടുണ്ട്. പൗരാണിക സമ്പ്രദായങ്ങളെക്കുറിച്ചുള്ള ദ ഗ്രീന്‍ റൂം, മോഡ ഗോവ, പാസ്കെം എന്നിവ അദ്ദേഹത്തിന്‍റെ പുസ്തകങ്ങളാണ്.