കല്യാണവീട്ടിൽ നിന്ന് മദ്യപിച്ചെത്തിയ പ്രേം, മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചു. അച്ഛനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിലും, മൂന്ന് വയസ്സുകാരനായ മകനെ തൊട്ടരികിൽ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ധിമാർപുര ഗ്രാമത്തിൽ കഴിഞ്ഞ ദിവസം രാത്രിയാണ് ഈ ദാരുണ സംഭവം നടന്നത്. അച്ഛൻ കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാവാം എന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.

മരിച്ചയാൾക്ക് 38 വയസ്സാണ് പ്രായം, പേര് പ്രേം സിങ്. ഗ്രാമത്തിലെ ഒരു കല്യാണത്തിന് പോയിട്ട് രാത്രി വൈകിയാണ് പ്രേം വീട്ടിലെത്തിയതെന്ന് വീട്ടുകാർ പറയുന്നു. വരുമ്പോൾ നന്നായി മദ്യപിച്ചിരുന്നു.ഇതിനെച്ചൊല്ലി വീട്ടുകാർ പ്രേമിനെ ചോദ്യം ചെയ്തു. ഇതിനെത്തുടർന്ന് ചെറിയൊരു വാക്കുതർക്കം നടന്നെങ്കിലും, കാര്യങ്ങൾ ഇത്രയും ഭീകരമാകുമെന്ന് ആരും കരുതിയില്ല. വാക്കുതർക്കത്തിന് ശേഷം പ്രേം, മൂന്ന് വയസ്സുകാരനായ മകൻ ഭരതിനെ എടുത്തു. കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയും പ്രേമിൻ്റെ ഏക മകനുമായിരുന്നു ഭരത്. പ്രേം മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി അകത്തുനിന്ന് വാതിലടച്ചു. ഒന്നും സംഭവിക്കില്ലെന്ന് കരുതി വീട്ടിലെ മറ്റുള്ളവർ ഉറങ്ങാൻ പോയി.

രാത്രി എപ്പോഴോ ഉറക്കമുണർന്ന ആശ മകനെ കാണാനായി ചെന്നു. മുറിയുടെ വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലും അത് അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. പലതവണ മുട്ടിവിളിച്ചിട്ടും അകത്തുനിന്ന് ഒരു മറുപടിയും ഉണ്ടായില്ല. പേടി തോന്നിയ ആശ ജനലിലൂടെ അകത്തേക്ക് നോക്കി. ആ കാഴ്ച കണ്ട് അവർ തകർന്നുപോയി. പ്രേം മുറിക്കുള്ളിൽ തൂങ്ങിനിൽക്കുന്നു. തൊട്ടടുത്ത് കുഞ്ഞ് ഭരത് രക്തത്തിൽ കുളിച്ച് കിടക്കുന്നുണ്ടായിരുന്നു. ആശയുടെ നിലവിളി കേട്ട് വീട്ടിലെ മറ്റുള്ളവരും ഓടിയെത്തി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചാവാം കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുടുംബം സംശയിക്കുന്നു. എന്നാൽ പൊലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

പ്രേം ആദ്യം മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായാണ് പൊലീസ് കരുതുന്നത്. രണ്ട് മൃതദേഹങ്ങളും പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കുട്ടിയുടെ മരണകാരണം റിപ്പോർട്ട് വന്നതിന് ശേഷമേ വ്യക്തമാകൂ. പൊലീസ് കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.