ബിജെപി വിട്ടതിന് പിന്നാലെ കോൺഗ്രസിനെ ട്രോളി ഷെഹ്സാദ് പൂനവാല. മോദിക്ക് കോൺഗ്രസ് പ്രധാനമന്ത്രിമാരെ പോലെ സ്വേച്ഛാധിപതികളായി മാറാൻ കഴിഞ്ഞില്ലെന്ന് പരിഹാസം. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് പൂനവാലയുടെ പരിഹാസം.
ദില്ലി: ബിജെപിയിൽനിന്ന് രാജിവെച്ചതിന് പിന്നാലെ കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും ട്രോളി ഷെഹ്സാദ് പൂനവാല. കഴിഞ്ഞ 12 വർഷമായി ഭരണത്തിലിരുന്നിട്ടും കോൺഗ്രസ് പ്രധാനമന്ത്രിമാരെ പോലെ സ്വേച്ഛാധിപതികളായി മാറാൻ നരേന്ദ്ര മോദിക്ക് കഴിഞ്ഞില്ലെന്ന് ഷെഹ്സാദ് പൂനവാലയുടെ പരിഹാസം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ ഇൻസ്റ്റഗ്രാം വീഡിയോയ്ക്ക് പിന്നാലെയാണ് ഷെഹ്സാദ് പൂനവാല ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ കോൺഗ്രസിനെ ട്രോളിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ താൻ പൂർണമായും നിരാശനാണെന്നും 12 വർഷം കഴിഞ്ഞിട്ടും ഒരു സ്വേച്ഛാധിപതി എങ്ങനെയായിരിക്കണമെന്ന് അദ്ദേഹം ഇതുവരെ പഠിച്ചിട്ടില്ലെന്നും തമാശ രൂപേണ പൂനവാല പറഞ്ഞു. തന്നെ അധിക്ഷേപിച്ചവരോട് ക്ഷമിക്കാനാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. ഒരു സ്വേച്ഛാധിപതിയാകുന്നതിന് പകരം അദ്ദേഹം അങ്ങനെയാണ് ചെയ്തതെന്നും പൂനവാല ഹിന്ദിയിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു
"ഫ്രണ്ട്സ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ ഞാൻ പൂർണമായും നിരാശനാണ്. 12 വർഷമായിട്ടും അദ്ദേഹം ഒരു പരാജയമാണ്. ഒരു സ്വേച്ഛാധിപതി എങ്ങനെയായിരിക്കണമെന്ന് അദ്ദേഹത്തിന് കൃത്യമായി അറിയില്ല. ഒരു സ്വേച്ഛാധിപതിയാകുന്നതിന് പകരം, അദ്ദേഹം ഇന്നലെ രാത്രി ഒരു വീഡിയോ പുറത്തുവിട്ടു. തനിക്കെതിരെയും ഭരണഘടനാ സ്ഥാപനങ്ങൾക്കെതിരെയും തന്റെ അമ്മയ്ക്കെതിരെയും അധിക്ഷേപം നടത്തിയ കുട്ടികളോട്, അവർ വെറും 'കുസൃതിയുള്ള' കുട്ടികളാണെന്ന് പറഞ്ഞ് അദ്ദേഹം അവരോട് ക്ഷമിക്കുകയാണ് ചെയ്തത്".
രാഹുൽ ഗാന്ധിയുടെ മുത്തശ്ശിയും മുത്തശ്ശനുമായ മുൻ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയിൽ നിന്നും ജവഹർലാൽ നെഹ്‌റുവിൽ നിന്നും യഥാർത്ഥ സ്വേച്ഛാധിപത്യം പഠിക്കാനും ഷെഹ്സാദ് പൂനവാല മോദിയോട് ആവശ്യപ്പെട്ടു. 1975ലെ അടിയന്തരാവസ്ഥ ചൂണ്ടിക്കാട്ടിയും പൂനവാല കോൺഗ്രസിനെ വിമർശിച്ചു. "രാഹുൽ ഗാന്ധി ഇന്ദിരാഗാന്ധിയുടെയും നെഹ്‌റുവിന്റെയും പിൻഗാമിയാണ്. എന്താണ് യഥാർത്ഥ സ്വേച്ഛാധിപത്യമെന്നും എന്താണ് യഥാർത്ഥ അടിയന്തരാവസ്ഥയെന്നും അദ്ദേഹത്തിൽ നിന്ന് പഠിക്കൂ. ആരാണ് എല്ലാ പാർലമെന്റ് അംഗങ്ങളെയും ജയിലിലടച്ചത്? ഇന്ദിരാഗാന്ധി. ആരാണ് സന്യാസിമാർക്ക് നേരെ വെടിയുതിർക്കാൻ പോലീസിന് ഉത്തരവിട്ടത്? ഇന്ദിരാഗാന്ധി"- പൂനാവാല പറഞ്ഞു. കോൺഗ്രസ് ഭരിക്കുന്ന കർണാടകത്തിലും കേരളത്തിലും പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കെതിരെ കേസെടുത്ത കാര്യവും പൂനാവാല വീഡിയോയിൽ ചൂണ്ടിക്കാട്ടി.
ബിജെപി വിട്ടു, മോദിയുടെ ആജീവനാന്ത അനുയായി
ഇക്കഴിഞ്ഞ ദിവസമാണ് ബിജെപി ദേശീയ വക്താവായിരുന്ന ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടത്. എക്സിലെ ബയോയിൽനിന്ന് ബിജെപിയുടെ പേര് ഒഴിവാക്കിയതോടെ ആണ് പൂനവാല പാർട്ടി വിടുന്നതായുള്ള അഭ്യൂഹം ഉയർന്നത്. ഇതിന് പിന്നാലെ പൂനവാല വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടിയിൽനിന്ന് രാജിവെച്ചതായി എൻഡിടിവി സ്ഥിരീകരിച്ചു. അതേസമയം എക്സിലെ ബയോയിൽനിന്ന് ബിജെപിയുടെ പേര് ഒഴിവാക്കിയെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആജീവനാന്ത അനുയായി തുടരുമെന്ന് ഷെഹ്സാദ് പൂനവാല വ്യക്തമാക്കിയിട്ടുണ്ട്.


