സ്വന്തം മകളോ മകനോ ഇത്തരത്തിൽ ആരെങ്കിലും ആക്രമിക്കുമ്പോള്‍ മാത്രമെ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറ് തന്‍റെ വേദന മനസിലാകുകയുള്ളുവെന്ന് നഷ്ടമായ രാജേഷ് നര്‍വാൽ പറഞ്ഞു

ദില്ലി: പഹൽഗാം ആക്രമണത്തിന് പിന്നിലുള്ള ടിആർഎഫിനെ ഭീകര സംഘടനയായി പ്രഖ്യാപിച്ച അമേരിക്കയുടെ നടപടിയെ സ്വാഗതം ചെയ്ത് രാജേഷ് നര്‍വാൽ. പഹൽഗാം ഭീകരാക്രമത്തിൽ കൊല്ലപ്പെട്ട നാവികസേന ഉദ്യോഗസ്ഥൻ ലെഫ്റ്റ്നന്‍റ് വിനയ് നര്‍വാലിന്‍റെ പിതാവായ രാജേഷ് നര്‍വാൽ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറിനെതിരെയും തുറന്നടിച്ചു. ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചാൽ മാത്രം പോരെന്നും പൂര്‍ണമായും ഇല്ലായ്മ ചെയ്യണമെന്നും രാജേഷ് നര്‍വാൽ പറഞ്ഞു.

സ്വന്തം മകളോ മകനോ ഇത്തരത്തിൽ ആരെങ്കിലും ആക്രമിക്കുമ്പോള്‍ മാത്രമെ പാകിസ്ഥാൻ സൈനിക മേധാവി അസിം മുനീറ് തന്‍റെ വേദന മനസിലാകുകയുള്ളുവെന്ന് പ്രിയപ്പെട്ട മകൻ നഷ്ടമായ രാജേഷ് നര്‍വാൽ കണ്ണീരോടെ പറഞ്ഞു. ഭീകരാക്രമണത്തിൽ മകനോ മകളോ കൊല്ലപ്പെടുമ്പോഴായിരിക്കും അസിം മുനീര്‍ ഈ വേദന അറിയുക. അത്തരമൊരു ദിവസം ഉണ്ടാകണം. 

ആ സംഭവത്തിനുശേഷം തന്‍റെ ഭാര്യയും മാതാപിതാക്കളുമെല്ലാം ആ മാനസികമായി തകര്‍ന്നു. കുടുംബത്തിന്‍റെ മുന്നിൽ തനിക്ക് കരയാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ശരിക്കൊന്ന് ഉറങ്ങാൻ പോലും കഴിയുന്നില്ല. മനസാകെ കൈവിട്ട അവസ്ഥയാണ്. രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രമാണ് ഉറങ്ങാനാകുന്നത്. 

സൈക്യാട്രിസ്റ്റിനെ കാണുമ്പോള്‍ അവര്‍ മരുന്ന് നൽകുമെങ്കിലും അതുകൊണ്ടൊന്നും യാതൊരു ആശ്വാസവുമില്ലെന്നും രാജേഷ് നര്‍വാൽ പറഞ്ഞു. ഭയമില്ലാതെയാണ് മകൻ ജീവിച്ചിരുന്നത്. എപ്പോഴും വിനയ് തന്നെയാണ് മനസിലുള്ളതെന്നും മകൻ തന്നെയാണ് തന്‍റെ ഹീറോയെന്നും രാജേഷ് നര്‍വാൽ പറഞ്ഞു.ടിആര്‍എഫ് ആണ് പഹൽഗാം ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തിരുന്നത്.

ടിആര്‍എഫ് പുതിയ തീവ്രവാദ ഗ്രൂപ്പ് അല്ലെന്നും ലഷ്കര്‍ ഇ തയിബയുടെ മാസ്ക് അണിഞ്ഞ ഭീകരരാണെന്നും രാജേഷ് നര്‍വാൽ പുറഞ്ഞു. നേരത്തെ തന്നെ കേന്ദ്ര സര്‍ക്കാര്‍ ടിആര്‍എഫിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുടെ നയതന്ത്ര ഇടപെടലിന്‍റെ ഫലമായാണ് യുഎസ് നടപടിയെന്നും തീവ്രവാദ സംഘടനയായുള്ള പ്രഖ്യാപനം മാത്രം പോരെന്നും ശക്തമായ നടപടിയുണ്ടാക്കി സംഘടനയെ തന്നെ ഇല്ലാതാക്കണമെന്നും രാജേഷ് നര്‍വാൽ പറഞ്ഞു.

ലഷ്ക്കർ എ തയിബയുടെ ശാഖയാണ് ടിആർഎഫ് എന്നാണ് യുഎസ് പ്രഖ്യാപിച്ചത്. പഹൽഗാം ആക്രമണത്തിനെതിരായ ഡോണൾഡ് ട്രംപിന്‍റെ ശകതമായ നിലപാടിന്റെ ഫലമാണ് തീരുമാനമെന്നും യുഎസ് അറിയിച്ചിരുന്നു. ടിആർഎഫുമായി ബന്ധമില്ലെന്ന പാകിസ്ഥാൻ വാദത്തിന് വലിയ തിരിച്ചടിയാണ് അമേരിക്കയുടെ പ്രഖ്യാപനത്തോടെ ഉണ്ടായിരിക്കുന്നത്.

പഹൽഗാമിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട 26 പേരിൽ ഒരാളാണ് വിനയ് നര്‍വാൽ. വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുശേഷം പഹൽഗാമിൽ ഭാര്യക്കൊപ്പം ഹണിമൂണിനെത്തിയപ്പോഴാണ് ഭീകരാരുടെ വെടിയേറ്റ് കൊല്ലപെടുന്നത്. വിനയ് നര്‍വാലിന്‍റെ മൃതദേഹത്തിനരികെ നിന്ന് വിലപിക്കുന്ന ഭാര്യയുടെ ചിത്രം പഹൽഗാം ഭീകരാക്രമണത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ചിത്രമായി മാറിയിരുന്നു.