ഇയാളുടെ മുഖത്തും നെഞ്ചിലും 15 തവണ കുത്തേറ്റിട്ടുണ്ട്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് യുവാവ് കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ ഇയാളുടെ അച്ഛനായി തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. 

ദില്ലി: വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് മകനെ കുത്തിക്കൊന്ന് അച്ഛന്‍. വ്യാഴാഴ്ച പുലർച്ചെ തെക്കൻ ദില്ലിയിലെ വീട്ടിൽ വെച്ചാണ് 29 കാരനായ ജിം പരിശീലകന്‍ കൂടിയായ ഗൗരവ് സിംഗല്‍ കൊല്ലപ്പെട്ടത്. ഇയാളുടെ മുഖത്തും നെഞ്ചിലും 15 തവണ കുത്തേറ്റിട്ടുണ്ട്. വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പാണ് യുവാവ് കൊല്ലപ്പെട്ടതെന്നും സംഭവത്തില്‍ ഇയാളുടെ അച്ഛനായി തിരച്ചില്‍ തുടങ്ങിയെന്നും പൊലീസ് പറഞ്ഞു. 

ഇന്നലെയാണ് യുവാവിന്‍റെ വിവാഹം നടക്കേണ്ടിയിരുന്നത്. വിവാഹം നടക്കാനിരിക്കെ രാത്രിയില്‍ യുവാവിനെ അച്ഛന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. അര്‍ധരാത്രിയിലാണ് സംഭവം അറിഞ്ഞതെന്നും കുടുംബത്തില്‍ നിന്നൊരാള്‍ ഇങ്ങനെ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ഗൗരവിന്‍റെ അമ്മാവന്‍ പറയുന്നു. 

അതേസമയം, കൊലപാതകത്തില്‍ ഇയാളുടെ സഹോദരനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സാധ്യമാകുന്ന എല്ലാ വഴികളിലൂടെയും അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമല്ല. അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായും അറസ്റ്റിന് ശേഷം എല്ലാ കാര്യങ്ങളും വ്യക്തമാവുമെന്നും പൊലീസ് പറയുന്നു. സിസിടിവി ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. അഞ്ച് സംഘങ്ങളായി കേസ് അന്വേഷിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു. 

3,000 കുഴല്‍ കിണറുകളും വറ്റി; സ്കൂളുകള്‍ അടയ്ക്കുന്നു, ബെംളൂരുവില്‍ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക്

https://www.youtube.com/watch?v=Ko18SgceYX8