Asianet News MalayalamAsianet News Malayalam

ഫാത്തിമയുടെ മരണം: അധ്യാപകർക്ക് എതിരെ നടപടി വൈകുന്നു; പ്രതിഷേധം തുടരുന്നു

  • ആഭ്യന്തര അന്വേഷണം എന്ന ആവശ്യത്തിൽ വിദ്യാർഥികളുമായി ഡയറക്ടർ ഇന്ന് ചർച്ച നടത്തും.
  • സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി ഉടൻ പരിഗണിക്കും
Fathima latheef suicide case IIT madras protest continues
Author
Chennai, First Published Nov 21, 2019, 7:12 AM IST

ചെന്നൈ: മദ്രാസ് ഐഐടിയിൽ മലയാളി വിദ്യാർത്ഥിനി ഫാത്തിമയുടെ മരണത്തിൽ കുറ്റക്കാർക്ക് എതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം തുടരുന്നു. ആരോപണ വിധേയരായ അധ്യാപകർക്ക് എതിരെ ശക്തമായ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. ആഭ്യന്തര അന്വേഷണമെന്ന ആവശ്യത്തിൽ വിദ്യാർത്ഥികളുമായി ഐഐടി ഡയറക്ടർ ഇന്ന് ചർച്ച നടത്തും.

ആഭ്യന്തര അന്വേഷണം എന്ന ആവശ്യത്തിൽ വിദ്യാർഥികളുമായി ഡയറക്ടർ ഇന്ന് ചർച്ച നടത്തും. ആവശ്യം അംഗീകരിച്ചില്ലെങ്കിൽ വിദ്യാർത്ഥികൾ വീണ്ടും സമരത്തിലേക്ക് കടക്കും. അതേ സമയം സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി ഉടൻ പരിഗണിക്കും.

രണ്ട് തവണ ഐഐടിയിലെത്തി അധ്യാപകരെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതയുള്ള മറുപടി ലഭിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. സഹപാഠികൾ ഉൾപ്പടെ മുപ്പതോളം പേരെ ചോദ്യം ചെയ്തെങ്കിലും അധ്യാപകർക്ക് എതിരെ സംശയകരമായ മൊഴി നൽകിയിട്ടില്ലെന്ന് അന്വേഷണ സംഘം വിശദീകരിക്കുന്നു. സുദർശൻ പത്മനാഭൻ, ഹേമചന്ദ്രൻ, മിലിന്ദ് എന്നിവരാണ് ജീവനൊടുക്കാൻ കാരണമെന്നാണ് ആത്മഹത്യാകുറിപ്പ്.

ഇക്കഴിഞ്ഞ ഒൻപതിന് ഉച്ചയ്ക്ക് 11.32 ഓടെയാണ് ഫാത്തിമയെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ സഹപാഠി കാണുന്നത്. തലേ ദിവസം രാത്രി 12 മണി വരെ ഫാത്തിമയെ മുറിക്ക് പുറത്ത് വച്ച് കണ്ടിരുന്നതായി സുഹൃത്തുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇതു വരെയുള്ള അന്വേഷണത്തിൽ ആത്മഹത്യ എന്ന നിഗമനത്തിലാണ് പൊലീസ്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളാണ് പരിശോധിക്കുന്നത്. 

നിർണായക വിവരങ്ങൾ അടങ്ങിയ മൊബെൽ ഫോണിന്റെ ഫോറൻസിക് റിപ്പോർട്ട് വിശദമായി വിലയിരുത്തിയ ശേഷമാകും തുടർ നടപടി. അതേ സമയം ഫാത്തിമയുടെ ലാപ്ടോപ്പും ടാബും ഇതുവരെ പരിശോധിച്ചിട്ടില്ല. ഇത് കൈപ്പറ്റാൻ അന്വേഷണ സംഘം ഉടൻ കൊല്ലത്തെത്തും. 

Follow Us:
Download App:
  • android
  • ios