കൊല്‍ക്കത്ത: ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്താകുമെന്ന ഭയത്തില്‍ പശ്ചിമ ബംഗാളില്‍ നിരവധി മുസ്ലീം ദമ്പതികള്‍ പുനര്‍വിവാഹം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ദേശീയ പൗരത്വ രജിസ്റ്ററില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള രേഖയായാണ് കൂടുതല്‍ ദമ്പതികളും വിവാഹ സര്‍ട്ടിഫിക്കേറ്റ് പരിഗണിക്കുന്നത്. 50 വയസ്സിനും 60 വയസ്സിനും മുകളില്‍ പ്രായമുള്ള ദമ്പതികളാണ് പുനര്‍വിവാഹം ചെയ്യുന്നത്.

വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹം നടന്നതിനാല്‍ പലരുടെയും കൈവശം വിവാഹതിരാണെന്ന് തെളിയിക്കുന്ന രേഖകളില്ല. ഇക്കാരണത്താല്‍ ദേശീയ പൗരത്വ രജിസ്റ്ററില്‍ നിന്ന് പുറത്താക്കപ്പെടുമോ എന്ന ആശങ്ക മൂലം ഇവര്‍ വീണ്ടും വിവാഹിതരാകുകയായിരുന്നെന്ന് ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സൗത്ത് 24 പരഗനാസ് ജില്ലിയിലെ ഭങ്കര്‍ ബ്ലോക്കിലെ രജിസറ്റര്‍ ഓഫീസില്‍ 200-ഓളം വിവാഹങ്ങളാണ് കഴിഞ്ഞ മാസം നടന്നത്. ഇവയെല്ലാം തന്നെ ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ടവര്‍ ആയിരുന്നു.  ജില്ലയിലാകെ 600 വിവാഹങ്ങളാണ് ഇത്തരത്തില്‍ നടന്നത്. 

'ദേശീയ പൗരത്വ രജിസ്റ്ററിലുള്ള ഭയം മൂലം നിരവധി പേരാണ് പുനര്‍വിവാഹം ചെയ്യുന്നത്. അമ്പത് വയസ്സിന് മുകളിലുള്ള 150-ഓളം പേരുടെ പുനര്‍വിവാഹമാണ് നടത്തിയത്. 40 വര്‍ഷം രജിസ്ട്രാര്‍ ആയി പ്രവര്‍ത്തിച്ചതിന്‍റെ അനുഭവത്തില്‍ ഇതാദ്യമായാണ് ഇങ്ങനെ സംഭവിക്കുന്നത്'- ഭങ്കാറിലെ രജിസ്ട്രാര്‍ അബു സെയ്ദ് പറഞ്ഞു. എന്നാല്‍ ദേശീയ പൗരത്വ രജിസ്റ്ററിന്‍റെ പേരില്‍ ബിജെപി ഭീതി പരത്തുകയാണെന്നും എന്‍ആര്‍സി ബംഗാളില്‍ നടപ്പിലാക്കാന്‍ നുവദിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞിരുന്നു.