Asianet News MalayalamAsianet News Malayalam

ഫീസ് വര്‍ധന: പിന്നോട്ടില്ലെന്ന് ജെഎൻയു വിദ്യാര്‍ത്ഥികള്‍; ശൈത്യക്കാല സെമസ്റ്റർ രജിസ്ട്രേഷൻ ബഹിഷ്ക്കരിക്കും

ശൈത്യകാല സെമസ്റ്ററുക്കുള്ള രജിസ്ട്രേഷൻ ബഹിഷ്ക്കരിക്കാനാണ് യൂണിയൻ തീരുമാനം. ഫീസ് വർധനവ് പൂർണ്ണമായി പിൻവലിക്കും വരെ സമരം തുടരമെന്ന് വിദ്യാർത്ഥികൾ പറയുന്നു. 

fee hike jnu strike to continue students union calls for boycott of semester registration
Author
Delhi, First Published Jan 2, 2020, 3:46 PM IST

ദില്ലി: ഹോസ്റ്റൽ ഫീസ് വർധനവിനെതിരെയുള്ള ജെഎൻയു വിദ്യാർത്ഥികളുടെ പ്രതിഷേധ സമരം തൊണ്ണൂറാം ദിവസത്തിലേക്ക്. ഫീസ് വര്‍ധനവ് പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍. ശൈത്യക്കാല സെമസ്റ്ററുകൾക്കുള്ള വിദ്യാർത്ഥി രജിസ്ട്രേഷൻ ബഹിഷ്ക്കരിക്കാനാണ് വിദ്യാർത്ഥി യൂണിയൻ തീരുമാനം.

ജെഎൻയു കണ്ട ഏറ്റവും ദൈർഘ്യമേറിയ സമരത്തിനാണ് ക്യാമ്പസ് സാക്ഷിയാകുന്നത്. ഒക്ടോബർ മൂന്നിന് പുതിയ ഐഎച്ച്എ മാനുവൽ ഡ്രാഫ്റ്റ് സർവകലാശാല പുറത്തുവിട്ടത് മുതൽ വിദ്യാർത്ഥികൾ പ്രതിഷേധത്തിലായിരുന്നു. ചർച്ച കൂടാതെ മാനുവൽ നടപ്പാക്കിയതോടെ ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ സമരം തുടങ്ങി. ഇതോടെ മൺസൂൺ സെമസ്റ്റ‌ർ പരീക്ഷകൾ നടത്താനായില്ല. 

കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം നിയമിച്ച ഉന്നതാധികാര സമിതിയുമായുള്ള ചർച്ചകളുടെ അടിസ്ഥാനത്തിൽ പുതിയ ശുപാർശകൾ സർവകലാശാലക്ക് സമർപ്പിച്ചെങ്കിലും ഇതിലും തീരുമാനമായിട്ടില്ല. പരീക്ഷകൾ നടത്താൻ കഴിയാതെ വന്നതോടെ ശൈത്യകാല സെമസ്റ്ററുകള്‍ക്കുള്ള രജിസ്ട്രേഷൻ നടത്താനാണ് സർവകലാശാലയുടെ തീരുമാനം. എന്നാൽ, ഇത് ബഹിഷ്ക്കരിക്കാനാണ് യൂണിയൻ തീരുമാനം. ഫീസ് വർധനവ് പൂർണ്ണമായി പിൻവലിക്കും വരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. 

നേരത്തേ പുതുക്കിയ ഐഎച്ച്എ മാനുവൽ പ്രകാരം യൂട്ടിലിറ്റി ഫീസ് ഒഴിവാക്കി ജെഎൻയു അധികൃതർ സർക്കുലർ പുറത്തിറക്കിയിരുന്നു. പുതുക്കിയ സർക്കുലർ പ്രകാരം സിംഗിൽ മുറിക്ക് മാസം തോറും 600 രൂപയും ഡബിൾ മുറിക്ക് 300 രൂപയുമാണ്. മറ്റ് നിരക്കുകൾക്ക് പുറമെയാണിത്. സാമ്പത്തിക പ്രതിസന്ധി കാരണം നിരക്ക് കൂട്ടാതെ പറ്റില്ലെന്നാണ് സർവകലാശാലയുടെ വിശദീകരണം.

Follow Us:
Download App:
  • android
  • ios