അയോധ്യ: കനത്ത സുരക്ഷയ്ക്കിടെ അയോധ്യയിൽ ഇന്ന് കാർത്തിക പൂർണ്ണിമ ഉത്സവം നടക്കും. സരയൂ നദിയിലെ സ്നാനത്തിന് ശേഷം അയോധ്യ നഗരിയിലെ ക്ഷേത്രങ്ങളിൽ ഭക്തർ ദർശനം നടത്തും. കഴിഞ്ഞ വർഷം എട്ട് ലക്ഷം ഭക്തർ എത്തിയെന്നാണ് ജില്ല ഭരണകൂടത്തിന്‍റെ കണക്ക്. രാമജന്മഭൂമിയിൽ ക്ഷേത്രം പണിയാമെന്ന വിധിക്ക് ശേഷം നടക്കുന്ന ആദ്യ ഉത്സവമാണ് കാർത്തിക പൂർണ്ണിമ. ഇന്നലെ മുതലേ ഭക്തർ അയോധ്യയിലേക്ക് എത്തി തുടങ്ങി. 

നിലവിലെ സുരക്ഷയ്ക്ക് പുറമെ 2000 സുരക്ഷാ ജീവനക്കാരെ കൂടി അധികം വിന്യസിച്ചിട്ടുണ്ട്. ആകാശ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട് . അടുത്ത 15 വരെയാണ് അയോധ്യയിൽ നിരോധനാജ്ഞ. വലിയ ആഘോഷമായ കാർത്തിക പൂർണ്ണിമ ദിനമായ ഇന്ന് സുരക്ഷയ്ക്കായി കൂടുതൽ കേന്ദ്രസേനയെ ഇന്ന് വിന്യസിക്കും. വിധിയുടെ തലേന്ന് നടന്ന പഞ്ച കോശി പരിക്രമ ആഘോഷത്തിൽ പങ്കെടുക്കാനും വൻ ജനാവലി അയോധ്യയിൽ തമ്പടിച്ചിരുന്നു.