കൊല്‍ക്കത്ത: തെരഞ്ഞെടുപ്പ് കാലമാകുമ്പോള്‍ ചിലര്‍ ഗുണ്ടകളുമായി വന്ന് സംസ്ഥാനത്തെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2021 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഗുണ്ടകളെ എത്തിക്കുന്നുവെന്നാണ് ആരുടേയും പേര് പരാമര്‍ശിക്കാതെ മമതാ ബാനര്‍ജി ആരോപിച്ചത്.

അടുത്തിടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാരെ തൃണമൂല്‍ കോണ്‍ഗ്രസിന് താല്‍പര്യമില്ലെന്നും ബംഗ്ലാദേശില്‍ നിന്നുള്ള നുഴഞ്ഞ് കയറ്റക്കാര്‍ക്കാണ് സ്ഥാനമെന്നും  ബിജെപി നടത്തിയ പരാമര്‍ശങ്ങള്‍ക്കുള്ള മറുപടിയാണ് മമതയുടെ വാക്കുകളെന്നാണ് എന്‍ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നത്. പോസ്റ്റാ ബാസാറിലെ ഒരു പരിപാടിക്കിടെയാണ് മമതാ ബാനര്‍ജിയുടെ പരാമര്‍ശം. പുറത്ത് നിന്നുള്ള ഗുണ്ടകളെ ശക്തമായി എതിര്‍ക്കണമെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. പുറത്ത് നിന്നുള്ള ഗുണ്ടകള്‍ വന്ന് നിങ്ങളെ ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഒന്നിച്ച് നില്‍ക്കണം. നിങ്ങള്‍ക്കൊപ്പം ഞാനുണ്ടാകുമെന്ന് ഉറപ്പ് നല്‍കുന്നതായും മമതാ ബാനര്‍ജി പറഞ്ഞു.

ഇത്തരക്കാര്‍ക്ക് സ്വതന്ത്രമായി വിഹരിക്കാനുള്ള അന്തരീക്ഷം പശ്ചിമ ബംഗാളില്‍ ഉണ്ടാവില്ലെന്നും മമത പറഞ്ഞു. വിഭജിക്കുന്ന ശക്തികള്‍ തോല്‍പ്പിക്കപ്പെടണം. ഇതിന് മുന്‍പും നിരവധി തവണ ബിജെപിയെ പുറത്തുനിന്നുള്ള പാര്‍ട്ടിയെന്ന് നിരവധി തവണയാണ് മമത ബാനര്‍ജി വിശേഷിപ്പിച്ചത്. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ നിരാശയാണ് മമതയുടെ വാക്കുകളിലുള്ളതെന്നാണ് ബിജെപി നേതാക്കള്‍ പ്രതികരിക്കുന്നത്.