പകർച്ചവ്യാധി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ഈ സാഹചര്യത്തെ അടിയന്തിരമായി കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സംയുക്ത കിസാൻ മോർച്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.  

ദില്ലി: സമരം ചെയ്യുന്ന കർഷകർക്കെതിരെയല്ല, കൊറോണ വൈറസിനെതിരെയാണ് സർക്കാർ പോരാടേണ്ടതെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യങ്ങൾ അം​ഗീകരിച്ചാൽ മാത്രമേ സമരം അവസാനിപ്പിക്കുകയുളളൂ എന്നും ഇവർ ആവർത്തിച്ചു പറഞ്ഞു. കർഷകരുടെ പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും കൊവിഡിൽ നിന്ന് രക്ഷ നേടാനുള്ള മാർ​ഗനിർദ്ദേശങ്ങളും ആവശ്യമായി ഉപകരണങ്ങളും നൽകണം. പകർച്ചവ്യാധി വർദ്ധിച്ചു കൊണ്ടിരിക്കുമ്പോൾ ഈ സാഹചര്യത്തെ അടിയന്തിരമായി കൈകാര്യം ചെയ്യാൻ കേന്ദ്ര സർക്കാർ തയ്യാറാകണമെന്നും സംയുക്ത കിസാൻ മോർച്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 

'ദില്ലി അതിർത്തി മുതല്‍ രാജ്യത്തിന്റെ മറ്റ് ഭാ​ഗങ്ങൾ വരെയുള്ള കർഷകരുടെ ആവശ്യങ്ങൾ നിറവേറ്റുമ്പോൾ മാത്രമേ ഈ പ്രതിഷേധം അവസാനിപ്പിക്കൂ. കുടിയേറ്റ തൊഴിലാളികളുടെ ആരോ​ഗ്യത്തിനും സാമൂഹിക സുരക്ഷക്കും പ്രശ്നങ്ങളൊന്നുമുണ്ടാകാതിരിക്കാനുള്ള എല്ലാ മുൻകരുതലുകളും സർക്കാർ സ്വീകരിക്കണം. കൃഷിക്കാരുടെയും തൊഴിലാളികളുടെയും പൊതുജനങ്ങളുടെയും ക്ഷേമത്തിൽ സർക്കാർ യഥാർത്ഥത്തിൽ ശ്രദ്ധാലുക്കളാണെങ്കിൽ അവർ കർഷകരുടെ ആവശ്യങ്ങൾ അം​ഗീകരിക്കണം.'' പ്രസ്താവനയിൽ വ്യക്തമാക്കി. 

സർക്കാരിന്റെ ചൂഷണനയങ്ങൾ നിമിത്തം കർഷകർ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണുള്ളത്. ഈ മുന്നേറ്റത്തിനിടയിലും 375 കർഷകർ മരിച്ചുവെന്നും സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി. ബിജെപി പ്രചാരണത്തിരക്കിലാണെന്നും ഇവർ ആരോപിച്ചു. ബിജെപി അവരുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്ന തിരക്കിലാണ്. കഠിനാധ്വാനികളായ കർഷകരോടും തൊഴിലാളികളോടും പോരാടുന്നതിന് പകരം കൊവിഡിനെതിരെയുള്ള പോരാട്ടമാണ് സർക്കാർ‌ നടത്തേണ്ടതെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി.