ഡെൽറ്റ എയർലൈൻസിന്റെ പൈലറ്റ് വിമാനം വേഗത്തിൽ ദിശമാറ്റി പറന്നതിനാലാണ് അപകടമൊഴിവായതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു.
വാഷിങ്ടൻ: അമേരിക്കയിൽ യാത്രവിമാനവും യുദ്ധവിമാനവും നേർക്കുനേർ. അമേരിക്കൻ വ്യോമസേനയുടെ ബി 52 ബോംബർ വിമാനമാണ് ഡെൽറ്റ എയർലൈൻസിന്റെ യാത്രവിമാനത്തിന്റെ അതേപാതയിൽ എതിർദിശയിൽ നിന്നെത്തിയത്. കൂട്ടിയിടിയിൽ നിന്ന് കഷ്ടിച്ചാണ് ഇരുവിമാനങ്ങളും രക്ഷപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഡെൽറ്റ എയർലൈൻസിന്റെ പൈലറ്റ് വിമാനം വേഗത്തിൽ ദിശമാറ്റി പറന്നതിനാലാണ് അപകടമൊഴിവായതെന്ന് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ജൂലൈ 18ന് നോർത്ത് ഡക്കോട്ടയിലായിരുന്നു സംഭവം.
സംഭവത്തിൽ പൈലറ്റ് യാത്രക്കാരോട് ക്ഷമ പറഞ്ഞതായും റിപ്പോർട്ടിൽ പറയുന്നു. അതേസമയം, റിപ്പോർട്ട് പുറത്തുവന്നതോടെ സംഭവത്തെക്കുറിച്ച് വിമാനക്കമ്പനി അന്വേഷണം ആരംഭിച്ചു. എന്നാൽ, അമേരിക്കൻ വ്യോമസേന ഇക്കാര്യത്തിൽ സ്ഥിരീകരണം നൽകിയിട്ടില്ല. അത്യാധുനിക ബോംബർ വിമാനമാണ് ബി 52. ബോയിങ് കമ്പനിയാണ് നിർമാതാക്കൾ. 31,500 കിലോഭാരം വഹിക്കാൻ കഴിയുന്ന ഈ വിമാനങ്ങൾ 1962ൽ അമേരിക്കന്‍ സേനയുടെ ഭാഗമായി.
മിനിയാപൊളിസ്–സെന്റ് പോളിൽ നിന്ന് മിനോട്ടിലേക്കുള്ള പതിവ് 90 മിനിറ്റ് പറക്കലിനിടെയാണ് സംഭവം. ഏവിയേഷൻ എ2ഇസെഡിന്റെ റിപ്പോർട്ട് പ്രകാരം, എയർഫോഴ്‌സ് ബേസിൽ നിന്നുള്ള ബി-52 സ്ട്രാറ്റോഫോർട്രെസ് സൈനിക വിമാനമായിരുന്നു. യാത്രാവിമാനവുമായി മുൻകൂട്ടി ആശയവിനിമയം നടത്തിയിരുന്നില്ല. അപകടകരമാംവിധം അടുത്തുകൂടെയാണ് വിമാനം പറന്നതെന്നും വലതുവശത്തുള്ള യാത്രക്കാർക്ക് കാണാവുന്ന അത്രയും അടുത്തുകൂടെയാണ് വിമാനം പറന്നതെന്നും യാത്രക്കാര്‍ പറഞ്ഞു.
