ദില്ലി: ബലാത്സംഗങ്ങള്‍ ഇല്ലാതാക്കാന്‍ മാതാപിതാക്കള്‍ പെണ്‍മക്കളെ സംസ്‌കാരം പഠിപ്പിക്കണമെന്ന ബിജെപി എംഎല്‍എയുടെ പ്രസ്താവനക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 'ആര്‍എസ്എസിന്റെ വൃത്തികെട്ട പുരുഷമേധാവിത്ത ചിന്തയാണ് പ്രകടമായത്. പുരുഷന്മാര്‍ ബലാത്സംഗം ചെയ്യുന്നു. പക്ഷേ മൂല്യങ്ങള്‍ പഠിക്കേണ്ടത് പെണ്‍മക്കള്‍'-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. യുപിയിലെ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗാണ് വിവാദ പ്രസ്താവന നടത്തിയത്.

'പെണ്‍കുട്ടിയെ സംസ്‌കാര സമ്പന്നരാക്കി വളര്‍ത്തേണ്ടത് എല്ലാ മാതാപിതാക്കളുടെയും കടമയാണ്. ഞാനൊരു അധ്യാപകനാണ്, അതോടൊപ്പം എംഎല്‍എയും. ബലാത്സംഗം പോലുള്ള സംഭവങ്ങള്‍ സംസ്‌കാരത്തിലൂടെ മാത്രമേ ഇല്ലാതാക്കാനാകൂ. ഭരണം കൊണ്ടും ആയുധം കൊണ്ടും സാധിക്കില്ല'-എന്നായിരുന്നു എംഎല്‍എയുടെ പ്രസ്താവന.

ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദലിത് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതില്‍ രാജ്യവ്യാപക പ്രതിഷേധയമുയരുമ്പോഴായിരുന്നു എംഎല്‍എയുടെ വിവാദ പരാമര്‍ശം.