Asianet News MalayalamAsianet News Malayalam

Bipin Rawat Funeral : സല്യൂട്ട് ജനറൽ, ജന. ബിപിൻ റാവത്തും മധുലികയും ഇനി ഓർമ, വിട നൽകി രാജ്യം

17 ഗൺ സല്യൂട്ട് നൽകി, സമ്പൂർണ്ണ സൈനിക ബഹുമതികളോടെ മൂന്ന് സേനകളും സംയുക്തമായി ജനറൽ ബിപിൻ റാവത്തെന്ന സംയുക്ത സൈനിക മേധാവിക്ക് വീരോചിതമായ വിട നൽകി. 'ഭാരത് മാതാ കീ ജയ്', 'വന്ദേ മാതരം' എന്നീ മുദ്രാവാക്യങ്ങളോടെ വൻ ജനക്കൂട്ടം ചടങ്ങിന് സാക്ഷികളായി. 

Final Rites Of CDS General Bipin Rawat And Madhulika Rawat Conducted In Brar Square With Complete Military Honours
Author
New Delhi, First Published Dec 10, 2021, 5:19 PM IST

ദില്ലി: രാജ്യത്തിന്‍റെ സംയുക്തസൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഇനി ഓർമ. ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലിക റാവത്തിന്‍റെയും സംസ്കാരച്ചടങ്ങുകൾ സമ്പൂർണസൈനിക ബഹുമതികളോടെ, ദില്ലി ബ്രാർ സ്ക്വയറിൽ നടന്നു. വിവിധ രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികളുടെയും കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്‍റെയും മറ്റ് കേന്ദ്രമന്ത്രിമാരുടെയും മൂന്ന് സൈനിക മേധാവികളുടെയും സാന്നിധ്യത്തിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. 

17 ഗൺ സല്യൂട്ട് നൽകി, സമ്പൂർണ്ണ സൈനിക ബഹുമതികളോടെ മൂന്ന് സേനകളും സംയുക്തമായി ജനറൽ ബിപിൻ റാവത്തെന്ന സംയുക്ത സൈനിക മേധാവിക്ക് വീരോചിതമായ വിട നൽകി. 800 സൈനികോദ്യോഗസ്ഥർ അണിനിരന്ന വളരെ വിപുലമായ അവസാനച്ചടങ്ങുകൾക്കൊടുവിൽ 4.45-നായിരുന്നു ചിതയ്ക്ക് തീ കൊളുത്തിയത്. 'ഭാരത് മാതാ കീ ജയ്', 'വന്ദേ മാതരം' എന്നീ മുദ്രാവാക്യങ്ങളോടെ വൻ ജനക്കൂട്ടവും ചടങ്ങിന് സാക്ഷികളായി. 

മക്കളായ കൃതികയും, തരിണിയും മരുമകനും പേരക്കുട്ടിയും അടക്കമുള്ളവർ ജനറൽ ബിപിൻ റാവത്തിനും മധുലിക റാവത്തിനും അവസാനയാത്രാമൊഴിയേകാനെത്തിയത് കണ്ണീർക്കാഴ്ചയായി. ആചാരപരമായ ചടങ്ങുകൾ പൂർത്തിയാക്കിയതിന് ശേഷമായിരുന്നു സൈന്യം സംയുക്തസൈനികമേധാവിയ്ക്ക് 17 ഗൺസല്യൂട്ടുകളോടെ അന്ത്യാഭിവാദ്യം നൽകിയത്. 

പൂക്കളാൽ അലംകൃതമായി ജനറൽ ബിപിൻ റാവത്തിന്‍റെയും ഭാര്യ മധുലികയുടെയും മൃതദേഹങ്ങളടങ്ങിയ പേടകങ്ങൾ വിലാപയാത്രയായി ദില്ലി ബ്രാർ സ്ക്വയർ ശ്മശാനത്തിലേക്ക് നീങ്ങിയപ്പോൾ ദേശീയപതാകയുമായി റോഡിനിരുവശത്തും ആയിരക്കണക്കിന് പേർ തടിച്ചുകൂടി. പുഷ്പവൃഷ്ടിയോടെ ആദരം നൽകിയാണ് ജനക്കൂട്ടം അവരെ യാത്രയാക്കിയത്. വാഹനവ്യൂഹത്തിന് കര, നാവിക, വ്യോമസേനകളിൽ നിന്നുള്ള ഉദ്യോഗസ്ഥർ വാദ്യങ്ങളോടെ അകമ്പടി സേവിച്ചു. മൂന്ന് സേനാ വിഭാഗങ്ങളിലേയും ബ്രിഗേഡിയർ റാങ്കിലുള്ള 12 ഉദ്യോഗസ്ഥർക്കായിരുന്നു സംസ്കാര ചടങ്ങുകളുടെ ചുമതല.

ദില്ലിയിലെ ജനറൽ റാവത്തിന്‍റെ വസതിയിൽ രാവിലെ 11 മണിയോടെയാണ് പൊതുദർശനം തുടങ്ങിയത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും അടക്കമുള്ള പ്രമുഖർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു. ആയിരക്കണക്കിന് ജനങ്ങളും വീട്ടിൽ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാനെത്തി. പ്രതിരോധമന്ത്രി അടക്കമുള്ളവർക്ക് പുറമേ, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ, കോൺഗ്രസ് എംപി രാഹുൽ ഗാന്ധി, റാവത്തിന്‍റെ ജന്മദേശമായ ഉത്തരാഖണ്ഡിലെ മുഖ്യമന്ത്രി പി എസ് ധാമി എന്നിവരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു. 

ശ്രീലങ്ക, ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിലെ സൈനികപ്രതിനിധികളെത്തി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അമേരിക്ക, യുകെ, ഫ്രാൻസ്, ജപ്പാൻ, ഇസ്രയേൽ എന്നീ രാജ്യങ്ങളിൽ നിന്ന് അനുശോചനസന്ദേശങ്ങളെത്തി. 

ഇന്നലെ രാത്രി 8 മണിയോടെ തന്നെ ജനറൽ റാവത്തിന്‍റെയും ഭാര്യ മധുലികയുടെയും മറ്റ് 11 പേരുടെയും മൃതദേഹങ്ങൾ സി 130-ജെ സൂപ്പർ ഹെർക്കുലീസ് ട്രാൻസ്പോർട്ട് വിമാനത്തിലാണ് എത്തിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി രാത്രി 9 മണിയോടെ അദ്ദേഹത്തിന് അന്തിമാഭിവാദ്യം നൽകി. 

ഇത് വരെ നാല് പേരുടെ മൃതദേഹങ്ങൾ മാത്രമാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ജനറൽ റാവത്ത്, മധുലിക, ബ്രിഗേഡിയർ എൽഎസ് ലിഡ്ഡർ, ലാൻസ് നായിക് വിവേക് കുമാർ എന്നിവരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞ പശ്ചാത്തലത്തിൽ കുടുംബാംഗങ്ങൾക്ക് വിട്ടുനൽകിയിരുന്നു. തൃശ്ശൂർ സ്വദേശിയായ ജൂനിയർ വാറണ്ട് ഓഫീസർ എ പ്രദീപ് കുമാർ അടക്കമുള്ളവരുടെ മൃതദേഹങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ ശേഷം നാളെയോടെ കുടുംബത്തിന് വിട്ടുനൽകിയേക്കും.

അപകടത്തിൽ രക്ഷപ്പെട്ട ഒരേയൊരാളായ ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗ് ബെംഗളുരുവിലെ എയർ ഫോഴ്സിന്‍റെ കമാൻഡ് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹത്തിന്‍റെ നില അതീവഗുരുതരമാണെങ്കിലും അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടർമാർ അറിയിക്കുന്നു. 

രാജ്യത്തെ അത്യന്താധുനിക ഹെലികോപ്റ്ററുകളിലൊന്ന് തകർന്ന് വീണ്, രാജ്യത്തിന്‍റെ സംയുക്തസൈനികമേധാവിയുടെ മരണം സംഭവിച്ചതെങ്ങനെയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം അതിവേഗം പൂർത്തിയാക്കുമെന്ന് വ്യോമസേന വ്യക്തമാക്കിയിരുന്നു. മൂന്ന് സേനകളും ചേർന്നാകും അന്വേഷണം നടത്തുക. എയർ മാർഷൽ മാനവേന്ദ്ര സിംഗിന്‍റെ നേതൃത്വത്തിലാകും അന്വേഷണം നടക്കുക. രാജ്യത്തെ ഏറ്റവും മുതിർന്ന ചോപ്പർ പൈലറ്റുമാരിൽ ഒരാളാണ് എയർ മാർഷൽ മാനവേന്ദ്ര സിംഗ്. 

നേരത്തെ വിമാന സുരക്ഷയുടെയും പരിശോധനയുടെയും ഡയറക്ടർ ജനറൽ ആയിരുന്നു സതേൺ കമാൻഡ് മേധാവി സ്ഥാനത്ത് നിന്ന് ട്രെയിനിംഗിന്‍റെ ചുമതലയിലേക്ക് മാറിയ മാനവേന്ദ്ര സിംഗ്. 

ഹെലികോപ്റ്ററിന് സുലൂർ എടിസിയുമായുള്ള ബന്ധം ഉച്ചയ്ക്ക് 12.08-ന് നഷ്ടമായി എന്നാണ് രാജ്നാഥ് സിംഗ് പാർലമെൻറിനെ അറിയിച്ചത്. വെല്ലിംഗ്ടൺ കൺട്രോളുമായി സമ്പർക്കത്തിൽ എന്നാണ് അവസാനം ഹെലികോപറ്ററിൽ നിന്ന് കിട്ടിയ സന്ദേശം. അടിയന്തര സന്ദേശമൊന്നും പൈലറ്റ് നല്കിയില്ലെന്നാണ് എടിസി പറയുന്നത്. ഹെലികോപ്റ്റർ അവസാന സർവ്വീസിനു ശേഷം 26 മണിക്കൂർ പറന്നതാണ്. അവസാന നാലു പറക്കലിലും എന്തെങ്കിലും സാങ്കേതിക പിഴവ് റിപ്പോർട്ട് ചെയ്തിരുന്നില്ല.  അങ്ങനെ എങ്കിൽ എങ്ങനെ അപകടം ഉണ്ടായി എന്നതിലാണ് അവ്യക്തത തുടരുന്നത്. പ്രതികൂല കാലവാവസ്ഥ, മരത്തിലിടിക്കാനുള്ള സാധ്യത എന്നിവയാണ് കൂടുതൽ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നത്. എന്നാൽ അട്ടിമറിക്കുള്ള സാധ്യത ഉൾപ്പടെ ഇപ്പോൾ പ്രചരിക്കുന്ന ഒന്നും തല്ക്കാലം കേന്ദ്രം തള്ളിക്കളയുന്നില്ല. പ്രാഥമിക അന്വേഷണ റിപ്പോർട്ട് കിട്ടിയ ശേഷം കൂടുതൽ നീക്കങ്ങൾ വേണോയെന്ന് കേന്ദ്രം ആലോചിക്കും. 

Follow Us:
Download App:
  • android
  • ios