നിലവിൽ വ്യത്യസ്‌ത ആപ്പുകൾ വഴിയായിരുന്നു റെയിൽവേ സേവനങ്ങൾ ലഭിച്ചിരുന്നത്.

ദില്ലി: എല്ലാ ട്രെയിൻ സേവനങ്ങളും ഒരു കുടക്കീഴിൽ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി റെയിൽവേ മന്ത്രാലയം പുതിയ സൂപ്പർ ആപ്പ് 'സ്വറെയിൽ' അവതരിപ്പിച്ചു. ഇന്ത്യൻ റെയിൽവേയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും യാത്രക്കാർക്ക് ഒരുമിച്ച് ലഭ്യമാക്കുന്നതിനായി സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS)ആണ് ആപ്പ് വികസിപ്പിച്ചത്. നിലവിൽ വ്യത്യസ്‌ത ആപ്പുകൾ വഴിയായിരുന്നു റെയിൽവേ സേവനങ്ങൾ ലഭിച്ചിരുന്നത്.

റെയിൽവേ സൂപ്പർ ആപ്പ് ട്രെയിൻ യാത്രയ്‌ക്കായി റിസർവ് ചെയ്‌തതും റിസർവ് ചെയ്യാത്തതുമായ ടിക്കറ്റ് ബുക്കിംഗ്, പ്ലാറ്റ്‌ഫോം, പാഴ്‌സൽ ബുക്കിംഗ്, ട്രെയിൻ, പിഎൻആർ അന്വേഷണങ്ങൾ, റെയിൽ മദാദ് വഴിയുള്ള സഹായം എന്നിവ ഉൾപ്പെടെ നിരവധി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു. ആപ്പ് നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിളിന്‍റെ ആപ്പ് സ്റ്റോർ എന്നിവയിലൂടെ ബീറ്റ ടെസ്റ്റിംഗിനായി ലഭ്യമാണ്. പരിശോധന പൂർത്തിയായതിന് ശേഷം ഉടൻ പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പ് നൽകുന്ന സേവനങ്ങൾ

1. റിസർവ് ചെയ്ത ടിക്കറ്റ് ബുക്കിംഗ്
2. റിസർവ് ചെയ്യാത്ത ടിക്കറ്റും പ്ലാറ്റ്ഫോം ടിക്കറ്റ് ബുക്കിംഗും
3. പാഴ്സൽ, ചരക്ക് അന്വേഷണങ്ങൾ
4. ട്രെയിൻ, പിഎൻആര്‍ സ്റ്റാറ്റസ് അന്വേഷണങ്ങൾ
5. ട്രെയിനുകളിൽ ഭക്ഷണ ഓർഡർ ചെയ്യാൻ
6. പരാതികൾക്കുള്ള റെയിൽ മദാദ്

പുതിയ സൂപ്പർ ആപ്പിൽ സിംഗിൾ സൈൻ-ഓൺ, ഈസി ഓൺബോർഡിംഗ്/സൈൻ-അപ്പ് തുടങ്ങിയ യാത്രാ സഹായ സവിശേഷതകളും ഇന്ത്യൻ റെയിൽവേയുടെ മറ്റ് യാത്രാ സംബന്ധിയായ എല്ലാ ചോദ്യങ്ങളിലും ഉപയോക്താക്കളെ സഹായിക്കുമെന്ന് ഇന്ത്യൻ റെയിൽവേ വ്യക്തമാക്കുന്നു. ആപ്പ് നിലവിൽ ബീറ്റ പരിശോധനയ്ക്ക് ലഭ്യമാണ്. ആപ്പ് ഉടൻ എല്ലാവർക്കും ലഭ്യമാകും. റെയിൽകണക്ട് അല്ലെങ്കിൽ യുടിഎസ് മൊബൈൽ ആപ്പിന്‍റെ നിലവിലുള്ള ഉപയോക്താക്കൾക്ക് അവരുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് നേരിട്ട് തന്നെ ലോഗിൻ ചെയ്യാൻ കഴിയും.