കലാകാരന്‍മാര്‍ക്ക് ബംഗാളില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെക്കുറിച്ചും പരോക്ഷമായി ചിത്രത്തില്‍പ്രതിപാദിച്ചിരുന്നു. ഇതാണ് മമതാ സര്‍ക്കാറിനെ ചൊടിപ്പിച്ചത്
ദില്ലി: തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ പരാമര്‍ശമുണ്ടെന്നാരോപിച്ച് സിനിമയുടെ പ്രദര്‍ശനം തടഞ്ഞ ബംഗാള്‍ സര്‍ക്കാരിന് സുപ്രീം കോടതി പിഴ ചുമത്തി.
ബോബിഷോട്ടര്‍ ഭൂത്ത് എന്ന അനിക് ദത്ത ചിത്രത്തിന്‍റെ പ്രദര്‍ശനം തടഞ്ഞ സര്‍ക്കാരിന്‍റെ നടപടി തെറ്റാണെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീം കോടതി 20 ലക്ഷം രൂപ പിഴയിട്ടത്.
പിഴ തുക തിയേറ്റര്‍ ഉടമകള്‍ക്കും നിര്‍മ്മാതാക്കള്‍ക്കും നല്‍കണം.ചിത്രത്തില്‍ കലാകാരന്‍മാര്‍ക്ക് ബംഗാളില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെക്കുറിച്ചും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെക്കുറിച്ചും പരോക്ഷമായി പ്രതിപാദിച്ചിരുന്നു. ഇതാണ് മമതാ സര്‍ക്കാറിനെ ചൊടിപ്പിച്ചത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിന് എതിരാണ് മമതാ ഗവര്‍മെന്‍റിന്‍റെ നടപടിയെന്നും സിനിമയുടെ പ്രദര്‍ശനം തടയുന്ന പ്രവര്‍ത്തികള്‍ ബംഗാള്‍ ഗവര്‍മെന്‍റിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതായും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ആള്‍ക്കൂട്ടത്തെ ഭയന്ന് അഭിപ്രായ സ്വാതന്ത്ര്യത്തെ തടയരുതെന്നും കോടതി വ്യക്തമാക്കി. ഫെബ്രുവരി 6 നായിരുന്നു ചിത്രം പ്രദര്‍ശനത്തിനെത്തിയത്. എന്നാല്‍ പിറ്റേദിവസം തന്നെ ചിത്രം തിയേറ്ററില്‍ നിന്നും പിന്‍വലിക്കേണ്ടതായി വന്നു. ചിത്രത്തിന്‍റെ പ്രദര്‍ശനം തടഞ്ഞതിനെതിരെ അണിയറ പ്രവര്‍ത്തകരാണ് സുപ്രീം കോടതിയെ സമീപിച്ചത്. ചിത്രത്തിന്‍റെ പ്രദര്‍ശനം തടഞ്ഞതിനെതിരെ നേരത്തെ സംവിധായകന്‍ അനിക് ദത്തയും അണിയറ പ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു
