രാജസ്ഥാൻ: കർശനമായ ലോക്ക് ഡൗൺ‌ നിയന്ത്രണങ്ങൾ നിലനിൽക്കേ വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ അമ്പതിലധികം അതിഥികളെ ക്ഷണിച്ച കുടുംബത്തിന് ആറ് ലക്ഷം രൂപ പിഴയിട്ടതായി അധികൃതർ അറിയിച്ചു. രാജസ്ഥാനിലെ ഭിൽവാരയിലെ കുടുംബത്തിനാണ് ലോക്ക് ഡൗൺ നിയമങ്ങൾ ലംഘിച്ചതിനെ തുടർന്ന് പിഴയിട്ടത്. ഭദാദ മോഹല്ല സ്വദേശിയായ ​ഗിസുലാൽ രതി എന്ന വ്യക്തിയാണ് ജൂൺ 13 ന് നടത്തിയ വിവാഹച്ചടങ്ങിലേക്ക് അമ്പത് അതിഥികളെ ക്ഷണിച്ചത്. ഇദ്ദേഹത്തിന്റെ മകന്റെ വിവാഹമായിരുന്നു. 

കൊവിഡ് 19 നിയന്ത്രണങ്ങൾ ലംഘിച്ചാണ് ഇയാൾ ഇത്രയും പേരെ അതിഥികളായി ക്ഷണിച്ചത്. പിന്നീട് ചടങ്ങിൽ‌ പങ്കെടുത്ത 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ രോ​ഗബാധയെ തുടർന്ന് മരിച്ചതായും ജില്ലാ കളക്ടർ രാജേന്ദ്ര ഭട്ട് പറഞ്ഞു. ജൂണ്‌ 22 ന് രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. 6,26,600 രൂപ ചെലവഴിച്ചാണ് ഇവർക്കായി ക്വാറനന്റീൻ സൗകര്യവും ഭക്ഷണവും താമസവും ആംബുലൻസും ക്രമീകരിച്ചതെന്നും കളക്ടർ വ്യക്തമാക്കി. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിക്ഷേപിക്കാൻ അവരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടർ വ്യക്തമാക്കി.