ലഖ്‍നൗ: ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി കാറപകടത്തിൽ പെട്ട സംഭവത്തില്‍ ദുരൂഹതയേറുന്നു. സംഭവത്തില്‍ പീഡനക്കേസിലെ മുഖ്യ പ്രതിയായ എംഎൽഎയ്ക്കെതിരെ യുപി പൊലീസ് എഫ്‍ഐആര്‍ ര​ജി​സ്റ്റ​ര്‍ ചെയ്തു. പെൺകുട്ടിയുടെ യാത്രാവിവരം സുരക്ഷാ ഉദ്യോഗസ്ഥർ കുൽദീപ് സെംഗാറിന് ചോർത്തി നൽകിയെന്നാണ് എഫ്ഐആര്‍ പറയുന്നത്. അതേസമയം, പെൺകുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്.

അപകട ദിവസം നടത്തിയ യാത്രയിൽ സുരക്ഷാ ഉദ്യോഗസ്ഥർ പെൺകുട്ടിക്ക് ഒപ്പമുണ്ടായിരുന്നില്ലെന്ന വിവരം ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന് ലഭിച്ചിരുന്നുവെന്നാണ് എഫ്ഐആർ വ്യക്തമാക്കുന്നത്. ഉന്നാവ് ബലാത്സംഗക്കേസിൽ ഇരയായ പെൺകുട്ടി കാറപകടത്തിൽ പെട്ട സംഭവം വിവാദമായതോടെ ഉത്തർപ്രദേശ് സർക്കാർ ബിജെപി എംഎൽഎ കുൽദീപ് സിംഗ് സെംഗാറിനെതിരെ കൊലക്കുറ്റം ചുമത്തി ഇന്നലെ കേസ് എടുത്തിരുന്നു. എംഎൽഎയ്ക്ക് പുറമേ സഹോദരൻ മനോജ് സിംഗ് സെംഗാറിനും മറ്റ് എട്ട് പേർക്കുമെതിരെയും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൊലക്കുറ്റം, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് പെൺകുട്ടിയുടെ ജീവൻ നിലനിർത്തുന്നത്. പെൺകുട്ടിയുടെ കൂടെ സഞ്ചരിച്ചിരുന്ന അഭിഭാഷകനും ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ടോടെ റായ്‍ബറേലിയിൽ നടന്ന കാറപകടത്തിൽ പെൺകുട്ടിയുടെ രണ്ട് ബന്ധുക്കൾ മരിച്ചിരുന്നു. അതേസമയം, സംഭവത്തെ രാഷ്ട്രീയ ആയുധമാക്കി കോൺഗ്രസ് അനിശ്ചിതകാല സമരം തുടങ്ങി. 

ഒറ്റനോട്ടത്തിൽ അപകടമാണെന്നാണ് പൊലീസ് പറഞ്ഞെങ്കിലും, കാറിലിടിച്ച ട്രക്കിലെ നമ്പർ പ്ലേറ്റ് കറുത്ത മഷി ഉപയോഗിച്ച് മായ്ച്ചതുള്‍പ്പടെയുള്ള കാര്യങ്ങള്‍ കേസിൽ ദുരൂഹതയുണർത്തുന്നതാണ്. പെൺകുട്ടിയോടൊപ്പം 24 മണിക്കൂറും സഞ്ചരിക്കേണ്ടിയിരുന്ന സുരക്ഷാ ഉദ്യോഗസ്ഥർ അപകടസമയത്ത് കാറിലുണ്ടായിരുന്നില്ല എന്നതും സംശയങ്ങള്‍ ജനിപ്പിക്കുന്നതാണ്. കാറിൽ സ്ഥലമില്ലാത്തതിനാൽ സുരക്ഷ ഉദ്യോഗസ്ഥരെ പെൺകുട്ടി തന്നെ നിരസിച്ചതാണെന്നാണ് പൊലീസ് ഭാഷ്യം. 

അതേസമയം, അപകടത്തിന് പിന്നിൽ കുൽദീപ് സിംഗ് സെംഗാറും കൂട്ടാളികളും തന്നെയാണെന്ന് പെൺകുട്ടിയുടെ കുടുംബം ആവർത്തിക്കുന്നു. പല തവണ എംഎൽഎയുടെ കൂട്ടാളികൾ കോടതിയിൽ വച്ചും പുറത്തും ഭീഷണി മുഴക്കിയെന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ജയിലിലാണെങ്കിലും എംഎൽഎ കുൽദീപ് സിംഗ് സെംഗാറിന്‍റെ പക്കൽ ഫോണുണ്ടെന്നും എല്ലാ കാര്യങ്ങളും എംഎൽഎ നിയന്ത്രിക്കുന്നത് ഫോൺ വഴിയാണെന്നും പെൺകുട്ടിയുടെ സഹോദരി ആരോപിക്കുന്നു. 

ഉന്നാവ് ബലാത്സംഗക്കേസ് നിലവിൽ സിബിഐയാണ് അന്വേഷിക്കുന്നത്. 2017 ജൂൺ നാലിന് ജോലിയുമായി ബന്ധപ്പെട്ട ആവശ്യവുമായി വീട്ടിലെത്തിയ പതിനാറുകാരിയെ ബിജെപി എംഎൽഎ കുൽദീപ് സെംഗാർ പീഡിപ്പിച്ചുവെന്നാണ് സിബിഐയുടെ കണ്ടത്തൽ. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി നീതി കിട്ടിയില്ലെന്നാരോപിച്ച് 2018 ഏപ്രിൽ മാസത്തിൽ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വീടിന് മുമ്പിൽ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചതോടെയാണ് ഉന്നാവ് ബലാത്സംഗക്കേസ് ദേശീയ ശ്രദ്ധയിൽ വരുന്നത്. ബലാത്സംഗക്കേസ് പുറത്തുവന്നതിന് ശേഷം ആയുധങ്ങൾ കൈവശം വച്ചു എന്ന കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട പെൺകുട്ടിയുടെ അച്ഛൻ പൊലീസ് കസ്റ്റഡിയിൽ മരിച്ചിരുന്നു.