ദില്ലി എയിംസ് ക്യാംപസിലെ ട്രോമാ കെയറിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. കെട്ടിടത്തിൽ നിന്ന് രോഗികളെ ഒഴിപ്പിക്കുകയാണ്.
ദില്ലി: ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്‍റെ ദില്ലി ക്യാംപസിൽ തീ പിടിത്തം. ട്രോമാ കെയർ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. തീപിടിച്ച മുറിയിൽ നിന്ന് എല്ലാ രോഗികളെയും ഒഴിപ്പിച്ചിട്ടുണ്ട്. ആളപായമില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്.
എയിംസ് ക്യാംപസിലെ ട്രോമാ കെയർ യൂണിറ്റിന്‍റെ താഴേ നിലയിലാണ് തീ പിടിച്ചത്. ആറേ മുക്കാലോടെയാണ് കെട്ടിടത്തിൽ നിന്ന് തീ ഉയരുന്നത് കണ്ടത്. ഓപ്പറേഷൻ തീയറ്ററിന്‍റെ അകത്താണ് തീപിടിച്ചത്. ആ സമയത്ത് അകത്ത് ശസ്ത്രക്രിയകളൊന്നും നടക്കുന്നുണ്ടായിരുന്നില്ല. തീപിടിച്ച വിവരം അറിഞ്ഞയുടൻ നാല് യൂണിറ്റ് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി. കനത്ത പുകയാണ് കെട്ടിടത്തിൽ നിന്ന് ഉയരുന്നത്. ഇപ്പോൾ തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
പുക ഉയരുന്നതിനാൽ കെട്ടിടത്തിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുകയാണ്. അകത്ത് ആരും കുടുങ്ങിക്കിടക്കുന്നില്ല എന്നാണ് സൂചന.
