Telangana Fire Accident : തീപിടിത്തമുണ്ടായ ഗോഡൗണില്‍ പന്ത്രണ്ട് തൊഴിലാളികളാണ് അകപ്പെട്ടത്. എന്നാല്‍ ഇതിലൊരാള്‍ കെട്ടിടത്തിന്‍റെ രണ്ടാംനിലയില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു.
ഹൈദരാബാദ്: തെലങ്കാനയിലെ (Telangana) സെക്കന്തരാബാദിലെ (Secunderabad) തടി ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ പതിനൊന്ന് തൊഴിലാളികള്‍ പൊള്ളലേറ്റ് മരിച്ചു. ബീഹാര്‍ സ്വദേശികളാണ് മരിച്ചവര്‍. പുലര്‍ച്ചെ തൊഴിലാളികള്‍ ഉറക്കത്തിലായിരുന്ന സമയത്താണ് തീപിടിത്തമുണ്ടായത്. ഗോഡൗണിന്‍റെ ഒന്നാം നിലയിലായിരുന്ന തൊഴിലാളികള്‍ പുറത്തേക്ക് കടക്കാനാകാതെ കുടുങ്ങിപോയി. 12 പേരാണ് ഗോഡൗണിലുണ്ടായിരുന്നത്. 11 പേര്‍ സംഭവസ്ഥലത്ത് വെച്ചുതന്നെ പൊള്ളലേറ്റ് മരിച്ചു. ബീഹാര്‍ സ്വദേശി പ്രേം ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. ഗുരുതരമായി പൊള്ളലേറ്റ പ്രേം ചികിത്സയിലാണ്. ഷോര്‍ട്ട്സെര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണം. ഇലക്ട്രിക്കല്‍ സാധനങ്ങളും വയറുകളും അലക്ഷ്യമായി ഗൗഡൗണിലും സമീപത്തെ ആക്രികടയിലും കൂട്ടിയിട്ടിരുന്നു.
കെട്ടിക്കിടന്ന പ്ലാസ്റ്റിക് വസ്തുക്കളില്‍ തീപടര്‍ന്നത് വന്‍ അഗ്നിബാധയ്ക്ക് വഴിവച്ചു. നാല് ഫയര്‍ എഞ്ചിനുകള്‍ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിന് ഒടുവിലാണ് തീയണച്ചത്. തൊഴിലാളികള്‍ക്ക് പ്രത്യേക താമസ സൗകര്യവും ഒരുക്കിയിരുന്നില്ല. ഗോഡൗണ്‍ ഉടമയ്ക്ക് എതിരെ പൊലീസ് അന്വേഷണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തില്‍ അതീവദുഖം രേഖപ്പെടുത്തി. രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. തെലങ്കാന സര്‍ക്കാരും അഞ്ച് ലക്ഷം രൂപ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് അറിയിച്ചു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് പൊലീസ് വ്യക്തമാക്കി.
തൃശൂരില്‍ പൂവന്‍ കോഴികളെ കണ്ട് ഭയന്ന് കൊമ്പന്‍ ശ്രീക്കുട്ടന്‍; തിരിച്ചയച്ച് ക്ഷേത്രം
എഴുന്നള്ളത്തിനിടെ പൂവന്‍ കോഴികളെ കണ്ട് ഭയന്ന് കൊമ്പന്‍. ഒടുവില്‍ തിരിച്ചയച്ച് ക്ഷേത്ര ഭാരവാഹികള്‍. തൃശൂര്‍ പഴയന്നൂരിലാണ് വേറിട്ട സംഭവം നടന്നത്. ഭക്തര്‍ വഴിപാടായി നല്‍കിയ പൂവന്‍ കോഴികളാണ് ശീവേലിക്ക് തിടമ്പേറ്റാന്‍ എത്തിച്ച കൊമ്പനാനയെ പേടിപ്പിച്ചത്. പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തില്‍ ഭക്തര്‍ വഴിപാടായി സമര്‍പ്പിക്കുന്നത് പൂവന്‍ കോഴികളെയാണ്.
ഉത്സവത്തിന്‍റെ രണ്ടാം ദിവസം ശീവേലിക്ക് തിടമ്പേറ്റാനെത്തിയ ശ്രീക്കുട്ടനാണ് ഈ കോഴിപ്പൂവന്‍മാരെ കണ്ട് അസ്വസ്ഥനായത്. പ്രദക്ഷിണ സമയത്ത് കോഴികള്‍ കൂട്ടത്തോടെ അടുത്തെത്തിയപ്പോള്‍ കൊമ്പനുണ്ടായ അസ്വസ്ഥത കണ്ട് ഭക്തരും ഭയന്നു. ഇതോടെയാണ് ശ്രീക്കുട്ടനെ ക്ഷേത്രഭാരവാഹികള്‍ തിരിച്ചയച്ചത്. രാത്രി ശീവേലിക്കായി ദേവസ്വം പകരം ആനയെ എത്തിക്കുകയായിരുന്നു.
