ഛത്തീസ്‌ഗഢിലെ മഹാസമുണ്ഡ് ജില്ലയിൽ പുതിയ ധാതുസമ്പത്ത് കണ്ടെത്തുന്നതിനായുള്ള വജ്ര പര്യവേക്ഷണത്തിനിടെ അഞ്ച് വജ്രങ്ങൾ കണ്ടെത്തി
റായ്പൂർ: ഛത്തീസ്‌ഗഢിലെ മഹാസമുണ്ഡ് ജില്ലയിൽ പുതിയ ധാതുസമ്പത്ത് കണ്ടെത്തുന്നതിനായുള്ള വജ്ര പര്യവേക്ഷണത്തിനിടെ അഞ്ച് വജ്രങ്ങൾ കണ്ടെത്തി. വൻതോതിലുള്ള സാമ്പിൾ പരിശോധനയ്ക്കിടയിലാണ് വജ്രം കണ്ടെത്തിയിരിക്കുന്നത്. എൻ.എം.ഡി.സി-സി.എം.ഡി.സി ലിമിറ്റഡിന്റെ വിവരങ്ങൾ പ്രകാരം, മഹാസമുണ്ഡിലെ സാരായ്പാലി മേഖലയിലുള്ള ബലോഡ-ബെൽമുണ്ഡി ഡയമണ്ട് ബ്ലോക്കിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ നിന്നാണ് വജ്രങ്ങൾ വീണ്ടെടുത്തത്. ആകെ ലഭിച്ചത് 1.22 കാരറ്റ് തൂക്കം വരുന്ന അഞ്ച് വജ്രക്കല്ലുകളാണ്. കണ്ടെടുത്ത വജ്രങ്ങളിൽ രണ്ടെണ്ണം രത്ന നിലവാരമുള്ളവയാണ് (Gem-quality.ബാക്കി മൂന്നെണ്ണം മറ്റ് വിഭാഗങ്ങളിൽപ്പെടുന്നവയുമാണ്.വജ്രങ്ങൾ അടങ്ങിയിട്ടുണ്ടാകാൻ സാധ്യതയുള്ള മേഖലയിൽ നിന്ന് ശേഖരിച്ച ഏകദേശം 200 ടണ്ണോളം വരുന്ന ധാതു മണ്ണും പാറകളും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് ഇവ കണ്ടെത്തിയത്.
ജിയോഫിസിക്കൽ സർവേകൾ, ഡ്രില്ലിംഗ് പ്രവർത്തനങ്ങൾ, അരുവികളിലെ അവശിഷ്ടങ്ങളുടെ പരിശോധന എന്നിവ വഴിയാണ് വജ്രങ്ങൾ ഉണ്ടാകാനിടയുള്ള മേഖലകൾ തിരിച്ചറിഞ്ഞത്. ഈ കണ്ടെത്തൽ പ്രദേശത്ത് വജ്രത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു. എങ്കിലും, കുറഞ്ഞ അളവിൽ മാത്രം വജ്രം ലഭിച്ചതുകൊണ്ട് ഈ മേഖലയിൽ നിന്ന് വാണിജ്യാടിസ്ഥാനത്തിൽ ഖനനം നടത്താൻ സാധിക്കുമോ എന്ന് ഇപ്പോൾ ഉറപ്പിച്ചു പറയാനാകില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ നിക്ഷേപത്തിന്റെ വലിപ്പം, ഗുണനിലവാരം, സാമ്പത്തിക ലാഭം എന്നിവ വിലയിരുത്താൻ ഇനിയും കൂടുതൽ പര്യവേക്ഷണങ്ങളും പരിശോധനകളും ആവശ്യമാണ്.
സംസ്ഥാനത്തെ ഖനന മേഖലയ്ക്ക് ഇതൊരു മികച്ച സൂചനയാണെന്ന് മുഖ്യമന്ത്രി വിഷ്ണു ദേവ് സായ് വിശേഷിപ്പിച്ചു. ശാസ്ത്രീയമായ ഇത്തരം പര്യവേക്ഷണങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തുടർ മൂല്യനിർണ്ണയങ്ങൾക്കും മറ്റ് നിയമപരമായ നടപടികൾക്കുമായി കണ്ടെടുത്ത വജ്രങ്ങൾ നിലവിൽ മധ്യപ്രദേശിലെ പന്നയിലുള്ള എൻ.എം.ഡി.സിയുടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഛത്തീസ്‌ഗഢിലെ പുതിയ ധാതുസമ്പത്ത് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ ഏതാനും വർഷങ്ങളായി ബലോഡ-ബെൽമുണ്ഡി ബ്ലോക്കിൽ അന്വേഷണം നടന്നു വരികയായിരുന്നു. പുതിയ കണ്ടെത്തൽ ഭാവിയിലെ പര്യവേക്ഷണ പ്രവർത്തനങ്ങൾക്ക് കൂടുതൽ സഹായകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



