ദില്ലി: ദില്ലി അതിർത്തിയിലെ പ്രതിഷേധ സ്ഥലത്തുനിന്ന് മടങ്ങിയ കർഷകരിൽ അഞ്ച് പേർ മരിച്ചു. നാല് പേർ വിവിധ അപകടങ്ങളിലായും ഒരാൾ ഹൃദയാഘാതം മൂലവുമാണ് മരിച്ചത്. മരിച്ചവരുടെ കുടുംബത്തിന് സഹായം നൽകുമെന്നും അപകടം പറ്റി. കർഷകർക്ക്  ചികിത്സ നൽകുമെന്നും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിം​ഗ് പറഞ്ഞു. 

''മരിച്ച കർഷകരുടെ കുടുംബത്തിന് പഞ്ചാബ് സർക്കാർ എല്ലാവിധ സഹായവും നൽകും. പരിക്കേറ്റ കർഷകർക്ക് ചികിത്സ നൽകും'' - മുഖ്യമന്ത്രി വ്യക്തമാക്കി

ഹരിയാനയിലെ കർണാലിൽ വച്ച് ട്രാക്ടർ റാലിക്കിടെ വാഹനം ട്രക്കിൽ ഇടിച്ചാണ് രണ്ട് കർഷകർ മരിച്ചത്. ഈ അപകടത്തിൽ നിന്ന് മറ്റൊരു കർഷകൻ പരിക്കുകളോടെ രക്ഷപ്പെട്ടു. 24 ഉം 50 വയസ്സുള്ള കർഷകരാണ് മരിച്ചത്. മറ്റൊരു അപകടം നടന്നത് മൊഹാലിയിലാണ്. ഭ​ഗോമജ്രയിൽ വച്ച് ട്രക്കുമായി ട്രാക്ടർ കുട്ടിയിടിച്ച് രണ്ട് കർഷകരാണ് മരിച്ചത്. ഏഴ് പേർക്ക് അപകടത്തിൽ പരിക്കേറ്റു. ഇതിൽ നാല് പേരുടെ നില ​ഗുരുതരമാണ്.