എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് നി​ഗമനം. 

ലഖ്നൗ: ആറുമാസം പ്രായമായ പിഞ്ചുകുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ച് പേർ വെന്തു മരിച്ചു. ഉത്തർപ്രദേശിലെ ലഖ്നൗവിലുള്ള ഇന്ദിരാ ന​ഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ദാരുണമായ സംഭവം നടന്നത്. സുമിത് സിങ്, ഭാര്യ ജൂലി, സഹോദരി വന്ദന, ബന്ധു ഡബ്‍ലു, ആറ് മാസം പ്രായമുള്ള മകൾ ബേബി എന്നിവരാണ് മരിച്ചത്. 

എസിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പൊലീസ് നി​ഗമനം. ഇവർ താമസിച്ചിരുന്ന വീടിന്റെ ഒരു ഭാ​ഗം എൽപിജി സ്റ്റൗവിന്റെ ഗോഡൗണായിട്ടാണ് ഉപയോഗിച്ചിരുന്നത്. തീ പടർന്നു പിടിക്കാൻ ഇതും ഒരു കാരണമായെന്ന് പൊലീസ് പറയുന്നു. പുലർച്ചെ വീടിനുള്ളിൽ നിന്നും പുക ഉയരുന്നതു കണ്ട സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. 

അതേസമയം അമിതമായി കാർബൺ മോണോക്‌സൈഡ് ശ്വസിച്ച് ബോധരഹിതരായത് കൊണ്ടാകാം അവർക്ക് വീടിന് പുറത്തേക്ക് വരാൻ സാധിക്കാതിരുന്നതെന്ന് പൊലീസ് വിലയിരുത്തുന്നു. അ​ഗ്നിശമന സേനയുടെയും പൊലീസിന്റെയും സംയുക്തമായ ഇടപെടലിലൂടെ അഞ്ച് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് മൃതദേഹങ്ങൾ പുറത്തെത്തിച്ചത്.