കുപ്‍വാര: ജമ്മു കാശ്മീരിലെ കുപ്‍വാര ജില്ലയിലെ കെറാന്‍ പ്രവശ്യയില്‍ തീവ്രവാദികളുമായി സൈന്യം ഏറ്റുമുട്ടി. നിയന്ത്രണ രേഖയ്ക്ക് സമീപം മഞ്ഞ് മൂടിയ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് തീവ്രവാദികളെ സൈന്യം വധിച്ചു. വെടിവെയ്പ്പില്‍ അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചതായി സൈനിക വക്താവ് അറിയിച്ചു.

പ്രത്യേക സൈനിക വിഭാഗത്തില്‍പ്പെട്ട ഹിമാചല്‍ പ്രദേശ് സ്വദേശികളായ സഞ്ജീവ് കുമാര്‍, ബാല്‍ കൃഷ്ണന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ  ദേവേന്ദ്ര സിങ്, അമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ഛത്രപാല്‍ സിങ് എന്നിവരാണ് വീരമൃത്യു വരിച്ചത്. നിയന്ത്രണരേഖയ്ക്ക് സമീപം മഞ്ഞ് മൂടിയ ഉയര്‍ന്ന പ്രദേശത്ത് അസ്വഭാവികമായ കാല്‍പ്പാടുകള്‍ കണ്ട് പരിശോധനയ്ക്കിറങ്ങിയ സൈനികര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കനത്ത മഞ്ഞുവീഴ്ചമൂലം വഴികളെല്ലാം അടഞ്ഞ നിലയിലായിരുന്നതിനാല്‍ ഏറെ സാഹസികമായാണ് സൈന്യം പാക് ബീകരരെ കണ്ടെത്തിയത്. മഞ്ഞ് വീഴ്ചയുടെ മറവില്‍ തീവ്രവാദികള്‍ അതിര്‍ത്തിയിലേക്ക് നുഴഞ്ഞുകയറുകയായിരുന്നു. രണ്ട് ദിവസമായി അതിര്‍ത്തിയില്‍ കനത്ത മഞ്ഞ് വീഴ്ചയാണ്. 

ഏപ്രില്‍ ഒന്നിന് തന്നെ അതിര്‍ത്തിയില്‍ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരുന്നു. തുടര്‍ന്ന് വിവിധയിടങ്ങളില്‍ വച്ച് സൈന്യവും ഭീകരരും ഏറ്റുമുട്ടി. രൂക്ഷമായ ഏറ്റുമുട്ടലിനൊടുവിലാണ് അഞ്ച് സൈനികര്‍ വീരമൃത്യുവരിച്ചത്.  ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു.