റെസിഡൻഷ്യൽ സ്കൂളിൽ അഞ്ച് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് സ്കൂളിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
പറ്റ്ന: അഞ്ച് വയസ്സുകാരനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ സ്കൂൾ കാന്‍റീനിലെ സുരക്ഷാ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 46കാരനായ മുകേഷാണ് പിടിയിലായത്. കൊലപാതകത്തിന് ഉപയോഗിച്ച മൂർച്ചയേറിയ ബ്ലേഡ് പോലീസ് കണ്ടെടുത്തിട്ടുണ്ട്. ബിഹാറിലെ ജെഹാനാബാദിലെ റെസിഡൻഷ്യൽ സ്കൂളിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് മുകേഷ് കുട്ടിയെ തന്ത്രപൂർവ്വം മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. തുടർന്ന് പിടിക്കപ്പെടുമെന്ന് ഭയന്ന ഇയാൾ കുട്ടിയുടെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഹോസ്റ്റലിലെ ഗോവണിപ്പടിയിൽ ഉപേക്ഷിക്കുകയായിരുന്നു. ജനനേന്ദ്രിയം മുറിച്ചുമാറ്റിയ നിലയിലായിരുന്നു. ഉടനെ കുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ പിതാവ് എത്തിയപ്പോൾ കാണുന്നത് അതീവ ഗുരുതരാവസ്ഥയിലുള്ള മകനെയാണ്. ഉടനെ അദ്ദേഹം പട്നയിലെ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി. പക്ഷേ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മുകേഷിനെ വർഷങ്ങൾക്ക് മുൻപ് ഭാര്യ ഉപേക്ഷിച്ചു പോയതാണ്.ഹോസ്റ്റലിലെ കുട്ടികൾ തന്നെ ഷണ്ഡൻ എന്ന് വിളിച്ച് കളിയാക്കാറുണ്ടായിരുന്നുവെന്നും ഇത് തന്നെ വല്ലാതെ പ്രകോപിപ്പിച്ചിരുന്നുവെന്നും പ്രതി മൊഴി നൽകി. കൂടാതെ ഹോസ്റ്റൽ ഉടമയുമായുള്ള തർക്കത്തെ തുടർന്ന് സ്കൂളിനെ അപകീർത്തിപ്പെടുത്തുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നതായും പൊലീസ് സൂപ്രണ്ട് അപരാജിത് ലോഹൻ പറഞ്ഞു.
കൊലപാതകം, ബലാത്സംഗം, പോക്സോ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. കൊലപാതകം നടത്തുമ്പോൾ താൻ മദ്യലഹരിയിലായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ പ്രതി പറഞ്ഞു. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി സ്കൂളിലെ അധ്യാപകരെയും ജീവനക്കാരെയും പൊലീസ് ചോദ്യംചെയ്തു വരികയാണ്. ഹോസ്റ്റൽ നടത്തിപ്പുകാരനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
