കോൺഗ്രസ് വക്താവ് പവൻ ഖേര ഇന്ന് സമരപ്പന്തലിൽ നേരിട്ടെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. അനിശ്ചിതകാല നിരാഹാരത്തിലുള്ള സോനം വാങ്ചുക്കിന്റെ ആരോഗ്യ നില ആശങ്കയിലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

ദില്ലി: ദില്ലി ജന്തർ മന്തറിൽ സിജെപി നടത്തുന്ന സമരത്തിന് കോൺഗ്രസ് ഔദ്യോഗികമായി പിന്തുണ പ്രഖ്യാപിച്ചു. കോൺഗ്രസ് വക്താവ് പവൻ ഖേര ഇന്ന് സമരപ്പന്തലിൽ നേരിട്ടെത്തിയാണ് പിന്തുണ പ്രഖ്യാപിച്ചത്. അനിശ്ചിതകാല നിരാഹാരത്തിലുള്ള സോനം വാങ്ചുക്കിന്റെ ആരോഗ്യ നില ആശങ്കയിലെന്ന് ആരോഗ്യ പ്രവർത്തകർ അറിയിച്ചു.

പരീക്ഷാ ക്രമക്കേടുകൾക്കെതിരെ സി ജെ പി നടത്തുന്ന അനിശ്ചിത കാല സമരത്തിന് വിവിധ പ്രതിപക്ഷ പാർട്ടികൾ പിന്തുണയുമായി രംഗത്തുവന്നിരുന്നു. എന്നാൽ കോൺഗ്രസ് പ്രതിഷേധത്തിന് ഔദ്യോഗികമാമായി പിന്തുണ പ്രഖ്യാപിക്കുന്നില്ലെന്ന് വിമർശനം വിവിധ ഭാഗങ്ങളിൽ നിന്ന് ഉയർന്നിരുന്നു. പിന്നാലെയാണ് കോൺഗ്രസ് വക്താവും എം പി യുമായ പവൻ ഖേർ ഇന്ന് സിജെപി സമര വേദിയിലെത്തിയത്. അനിശ്ചിത കാല നിരാഹരത്തിലുള്ള സോനം വാങ്ചുകിന്റെ ആരോഗ്യനിലയിൽ ആശങ്ക പ്രകടിപ്പിച്ച പവൻ ഖേര ജനാധിപത്യ പ്രതിഷേധങ്ങളെ മാനിക്കാത്ത കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി നീങ്ങണമെന്നും ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ശശി തരൂർ വ്യക്തിപരമായി സിജെപി സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധി ഇതുവരെ സമരത്തിന് പിന്തുണ പ്രഖ്യാപിക്കാത്തതിൽ സമൂഹ മാധ്യമങ്ങളിലടക്കം വിമർഷനം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് കോൺഗ്രസ് തങ്ങളുടെതായ രീതിയിൽ വിദ്യാർത്ഥികൾക്ക് വേണ്ടി പ്രതിഷേധവുമായി രംഗത്തുണ്ടെന്ന് വിശദീകരണവുമായി പവൻ ഖേര രംഗത്തെത്തിയത്.

ഇതിനിടെ, അനിശ്ചിത കാല നിരാഹാര സമരം തുടരുന്ന സോനം വാങ്ചുക്കിന്റെ ആരോഗ്യനിലയിൽ മാറ്റമില്ലെന്ന് പരിശോധിച്ച ഡോക്ടർ വ്യക്തമാക്കി. ഈ നിലയിൽ സമരം മുന്നോട്ട് പോകുകയാണെങ്കിൽ ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും ഡോക്ർമാർ പറയുന്നു. ഏത് സമയത്തും വൈദ്യസഹായം നൽകാൻ സജ്ജമായി വൈദ്യസംഘം ജന്തർ മന്തറിൽ തുടരുന്നുണ്ട്. ജൂലൈ 20-ന് സിജെപി പ്രഖ്യാപിച്ചിരിക്കുന്ന പാർലമെന്റ് മാർച്ചിലേക്ക് കോൺഗ്രസ് ഉൾപ്പെടെയുള്ള മുഴുവൻ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണ ഉറപ്പായതോടെ വരും ദിവസങ്ങളിൽ സമരം കൂടുതൽ ശക്തമാകും.

YouTube video player