ഹരിയാന: കുഴൽക്കിണർ ദുരന്തം രാജ്യത്ത് വീണ്ടും ആവർത്തിക്കുന്നു. ഹരിയാനയിലെ കർണാലിൽ അഞ്ചു വയസ്സുകാരി ശിവാനി എന്ന പെൺകുട്ടിയാണ് അമ്പത് അടി താഴ്ചയിലുള്ള കുഴൽക്കിണറിൽ‌ വീണിരിക്കുന്നത്. ​ഹർസിം​ഗ്പുര ​ഗ്രാമത്തിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനങ്ങൾ പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. കുട്ടിയുടെ കാലുകൾ കാണാൻ‌ സാധിക്കുന്നുണ്ടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. ഏത്  വിധേനയും കുഞ്ഞിനെ രക്ഷിക്കാനാണ് ഇവർ പരിശ്രമിക്കുന്നത്. 

കിണറിനുള്ളിൽ കയറിറക്കി കുഞ്ഞിനെ പുറത്തെടുക്കാനാണ് ഇവർ ശ്രമിക്കുന്നത്. ഓക്സിജൻ സംവിധാനം കുട്ടിക്ക് ലഭ്യമാക്കിയിട്ടുണ്ട്. കഴിഞ്ഞ മാസം 25 ന് സമാനമായ വാർത്തയിലൂടെ രാജ്യം കടന്നു പോയിരുന്നു. വീടിന് സമീപം കളിച്ചു കൊണ്ടിരുന്ന രണ്ട് വയസ്സുകാരൻ സുജിത് ആണ് കുഴൽക്കിണറിനുള്ളിൽ വീണത്. മൂന്ന് ദിവസത്തെ രക്ഷാപ്രവർത്തനങ്ങൾക്ക് സുജിത്തിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. എൺപത് മണിക്കൂറാണ് സുജിത് കുഴൽക്കിണറിനുള്ളിൽ കുടുങ്ങിക്കിടന്നത്.