അടച്ചുപൂട്ടിയ ജന്തർ മന്തറിൽ മിന്നൽ സമരം നടത്തിയ സിജെപി നേതാക്കളെ ദില്ലി പോലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തു. നേതാക്കളെ വിട്ടയക്കാത്തതിൽ പ്രതിഷേധിച്ച് സമരം ശക്തമാക്കുമെന്ന് കൺവീനർ അഭിജീത് ദീപ്കെ മുന്നറിയിപ്പ് നൽകി

ദില്ലി: ഔദ്യോഗിക പ്രതിഷേധ വേദി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ ദില്ലി പൊലീസ് അടച്ചു പൂട്ടിയ ജന്തര്‍ മന്തറില്‍ മിന്നല്‍ സമരം നടത്തിയ സി ജെ പി നേതാക്കൾക്കെതിരെ കേസെടുത്തു. ജന്തർ മന്തറിലേക്ക് അതിക്രമിച്ച് കയറിയെന്നതിന്‍റെ പേരിലാണ് കേസെടുത്തത്. സൗരവ് ദാസും അശുതോഷ് റാങ്കയുമാണ് പ്രതികൾ. രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരെയും ഇനിയും വിട്ടയച്ചിട്ടില്ല. രാവിലെ ജന്തർ മന്തറിൽ നിന്നും പിടികൂടിയ മറ്റുളളവരെ വിട്ടയിച്ചിരുന്നു. സി ജെ പി നേതാക്കളെ വിട്ടയാക്കാത്തതിലും ജന്തർ മന്തർ അടച്ചു പൂട്ടിയതിലും പ്രതിഷേധം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി കൺവീനർ അഭിജീത് ദീപ്കെ വ്യക്തമാക്കി. ഇരുവരെയും അഭിഭാഷകരെ കാണാൻ അനുവദിച്ചില്ലെന്നും ദില്ലി പോലീസ് അമിത് ഷായുടെ തട്ടികൊണ്ടുപോകൽ സംഘമായെന്നും ദീപ്കെ വിമർശിച്ചു. സമരം ചെയ്യുന്നവരെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുകയാണെന്നും അത്തരക്കാരെ തിരിച്ചറിയണമെന്നും ദീപ്കെ ആവശ്യപ്പെട്ടു. കഴി‌ഞ്ഞ ദിവസം സി ജെ പി സമരം ദില്ലി പൊലീസ് അടിച്ചമർത്തി. എന്നാൽ ഇന്നലെ ഇന്ത്യ സഖ്യ റാലി സമാധാനപരമായി അവസാനിച്ചു. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവരെ ഭിന്നിക്കുകയാണ് ലക്ഷ്യം. ഗ്യാനേഷ് കുമാറിനെതിരെയാണ് പ്രതിഷേധമെന്നും ലക്ഷ്യം മാറരുതെന്നും ദീപ്കെ ആവശ്യപ്പെട്ടു.

മിന്നൽ സമരം

ദില്ലി പോലീസിന്‍റെയും അര്‍ധ സൈനിക വിഭാഗങ്ങളുടെയും കണ്ണുവെട്ടിച്ചായിരുന്നു സി ജെ പിയുടെ മിന്നല്‍ പ്രതിഷേധം. പാര്‍ലമെന്‍റ് സ്ട്രീറ്റിന് സമീപമുള്ള ഇടവഴിയിലൂടെ നടന്ന് സമീപമുള്ള മതില്‍ ചാടി കടന്ന് പ്രവര്‍ത്തകര്‍ ഉള്ളില്‍ കടക്കുകയായിരുന്നു. ദേശീയ പതാക വീശി മുദ്രാവാക്യം വിളിച്ചയുടന്‍ പോലീസെത്തി കസ്റ്റഡിയിലെടുത്ത് നീക്കി. നിരോധനാജ്ഞ ലംഘിച്ചും, ജാമ്യ വ്യവസ്ഥ ലംഘിച്ചുമായിരുന്നു സി ജെ പി നേതാക്കളായ അശുതോഷ് റാങ്ക, സൗരവ് ദാസ്, അഹിങ്ക്യ ഷിന്‍ഡേ എന്നിവരുടെ നീക്കം. സമാധാനാന്തരീക്ഷത്തിന് വെല്ലുവിളിയാകുന്ന ഒരു നടപടിയും പാടില്ലെന്നായിരുന്നു ജാമ്യ വ്യവസ്ഥ. ജന്തര്‍മന്തര്‍ തിരിച്ചെടുത്തെന്നും ആര്‍ക്കും ഇങ്ങനെ ഇവിടേക്ക് കടക്കാമെന്നും സൗരവ് ദാസ് എക്സില്‍ കുറിച്ചു. പ്രതിഷേധത്തിന് പിന്നാലെ സി പി എം ആസ്ഥാനമായ എച്ച് കെ എസ് ഭവനിൽ മാധ്യമങ്ങളെ കണ്ട സി ജെ പി പോളിസി വിഭാഗം പ്രതിനിധി മെഹർ, ജന്തർ മന്ദർ സമരവേദിയായി തുടരണം എന്ന ആവശ്യത്തിൽ നിന്നും പിന്നോട്ടില്ല എന്ന് വ്യക്തമാക്കി.

അതേസമയം പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകളും പ്രതിഷേധം കടുപ്പിക്കുകയാണ്. കൊണാട്ട് പ്ലേസിൽ എൻ എസ് യു ഐ ദേശീയ അധ്യക്ഷൻ വിനോദ് ജാക്കറിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം നടന്നു. പ്രവർത്തകർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചു. ഇവരെ പൊലീസ് ബലം പ്രയോഗിച്ച് കസ്റ്റഡിയിൽ എടുത്തു. ജൻപഥിൽ പ്രതിഷേധിച്ച് എ ഐ എസ് എഫ്, എ ഐ വൈ എഫ്, ദിശ പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിൽ എടുത്തു. പ്രവർത്തകർ കൊണാട്ട് പ്ലെയിസിൽ നിന്ന് ജന്തർമന്തറിലേക്കുള്ള വഴിയിലെ ബാരിക്കേഡ് നീക്കാൻ നോക്കിയത് സംഘർഷത്തിനിടയാക്കി. കൊണാട്ട് പ്ലെയിസിലെ ഒരു മേഖലയിലും ജൻപഥ് റോഡിലും മാത്രാണ് ഇന്ന് പ്രതിഷേധങ്ങൾ നടന്നത്.

YouTube video player