ദില്ലി: ഉത്തരേന്ത്യയിലും വടക്ക്കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയത്തിലും കനത്ത മഴയിലും മരണം 69 ആയി. 82 ലക്ഷം പേർ പ്രളയക്കെടുതിയിൽ  ദുരിതം അനുഭവിക്കുകയാണ്. പ്രളയത്തിൽ ബീഹാറിൽ മരണം 33 ആയി. സംസ്ഥാനത്തെ 16 ജില്ലകളിൽ റെഡ് അലർട്ട് തുടരുകയാണ്. 221 ദുരിതാശ്വാസ ക്യാംപുകള്‍ ഇതിനോടകം തുറന്നു. 1.16 ലക്ഷം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. കിഴക്കൻ ചമ്പാരന്‍ ജില്ലയിൽ സ്ഥിതി അതീവഗുരുതരമാണ്. 

പത്തു ദിവസമായി അസമിൽ തുടരുന്ന പ്രളയത്തിൽ  20 പേർ മരിച്ചു. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടെ സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രളയമാണിത്. കാസിരംഗ  ദേശീയ പാർക്കിൽ അഞ്ച് കണ്ടാമൃഗങ്ങൾ ഉൾപ്പടെ 30 മൃഗങ്ങൾ ചത്തു. സംസ്ഥാനത്തെ എല്ലാ ജില്ലകളയേും പ്രളയം ബാധിച്ചു. 2 ലക്ഷം ആളുകളെ ഇതിനോടകം ദുരിതാശ്വാസക്യാംപുകളിലേക്ക് മാറ്റി.

കായിക താരം ഹിമാദാസ് തന്റെ ശമ്പളത്തിന്റെ പകുതി അസാമിലെ പ്രളയ ദുരിതാശ്വാസത്തിന് നൽകുമെന്ന് പ്രഖ്യാപിച്ചു. ബോളിവുഡ് താരം അക്ഷയ് കുമാർ അസാമിലെ പ്രളയ ദുരിതാശ്വാസത്തിന് രണ്ട് കോടി രൂപ നൽകും. ഉത്തർപ്രദേശിൽ കനത്ത മഴയിലും മിന്നലിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. മിസോറാമിലും മേഘാലയിലും ത്രിപുരയിലും പല ഗ്രാമങ്ങളും ഒറ്റപ്പെട്ട നിലയിലാണ്. ഈ സംസ്ഥാനങ്ങളിലേക്ക് രക്ഷപ്രവർത്തനത്തിന് കൂടുതൽ സേനയെ അയച്ചു. രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നിറിയിപ്പ്.