ദില്ലി: ഉത്തരേന്ത്യയിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 184 ആയി. പ്രളയം ഏറ്റവും കൂടുതല്‍ നാശം വിതച്ച ബിഹാറിലും അസമിലും വെള്ളപ്പൊക്കം രൂക്ഷമായി തുടരുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ മിസോറാം, മേഘാലയ, ത്രിപുര എന്നിവിടങ്ങളിലും വെള്ളപ്പൊക്കം രൂക്ഷമാണ്.

ബിഹാറിൽ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 97 ആയി. നവാഡയിൽ ഇടിമിന്നലിനെ തുടർന്നുണ്ടായ അപകടത്തിൽ എട്ട് കുട്ടികൾ മരിച്ചു. സംസ്ഥാനത്തെ 1080 ദുരിതാശ്വാസ ക്യാമ്പുകളിലായി മൂന്ന് ലക്ഷം പേരെ മാറ്റി പാർപ്പിച്ചു. ബിഹാറിൽ 70 ലക്ഷം പേരെ  പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. പ്രളയബാധിതര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 181 കോടി രൂപയുടെ അടിയന്തരസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി നീതീഷ് കുമാർ അറിയിച്ചു.

നൂറ്റാണ്ടിലെ രണ്ടാമത്തെ വലിയ പ്രളയം നേരിടുന്ന അസമില്‍ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 62 ആയി.  60 ലക്ഷത്തിലേറെ പേരെ പ്രളയം ബാധിച്ചതായാണ് റിപ്പോർട്ട്. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നതോടെ കാസിരംഗ ദേശീയ പാർക്കിലെ സ്ഥിതിഗതികൾ വീണ്ടും ഗുരുതരമായിരിക്കുകയാണ്. മഹാപ്രളയത്തിൽ 10 ഒറ്റക്കൊമ്പൻ കണ്ടാമൃഗങ്ങൾ ഉൾപ്പടെ 129 മൃഗങ്ങൾ ചത്തു. മൃഗങ്ങളെ പ്രത്യേകം തയ്യാറാക്കിയ ഇടങ്ങളിലേക്ക് മാറ്റി തുടങ്ങിയതായി സർക്കാർ  അറിയിച്ചു.