പാട്ന: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പ്രളയക്കെടുതികൾക്ക് പിന്നാലെ ബീഹാറില്‍ പ്രളയസാധ്യത മുന്നറിയിപ്പ്..  വരും മണിക്കൂറുകളിൽ യുപി ഉൾപ്പെടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും കനത്ത മഴ പെയ്യുമെന്നുംകാലാവസ്ഥ നീരീക്ഷണ കേന്ദ്രം അറിയിച്ചു.

അസമിന് പിന്നാലെ മേഘാലയ,അരുണാചൽപ്രദേശ്, സിക്കിം, സംസ്ഥാനങ്ങളും പ്രളയഭീഷണിയിലാണ്. മേഘാലയിൽ ഗാരോ ഹിൽ ജില്ലയിലെ ഗ്രാമങ്ങൾ വെള്ളത്തിനടയിലായി. ഇവിടെ ഒരു ലക്ഷം പേർ  പ്രളയക്കെടുതിയിലാണ്.   അസമിലെ ഗോൽപാരയിലും സ്ഥിതി രൂക്ഷമാകുകയാണ്. ബ്രഹ്മപുത്രയിൽ ജലനിരപ്പ് ഉയർന്നതോടെ ഗ്രാമങ്ങളിൽ  നിന്ന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയാണ്. 

പാലങ്ങളും റോഡുകളും തകർന്നതോടെ ഉള്‍ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. അസമിലെ ഏഴുപത് ലക്ഷം ജനങ്ങൾ  പ്രളയക്കെടുതിയിലാണ്. ഇതുവരെ  600-ലധികം ദുരിതാശ്വാസ കേന്ദ്രങ്ങൾൾ തുറന്നു . വടക്കുകിഴക്കൻ മേഖലകളില്‍  വരും ദിവസങ്ങളിൽ മഴ  കൂടുതല്‍ കനക്കുന്നതോടെ സ്ഥിതി വീണ്ടും ഗുരുതരമാകുമെന്നാണ്
ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്.

അതേ സമയം ബീഹാറിൽ  ചമ്പരാൻ ജില്ലകൾ, ഗോപാൽഗ‍ഞ്ച്, വൈശാലി, മുസഫർപൂർ ഉൾപ്പടെ ഏട്ട് ജില്ലകളിൽ പ്രളയസാധ്യത മുന്നറിയിപ്പ് നൽകി. ബാഗ്മതി, കോസി  തുടങ്ങിയ നന്ദികൾ കരകവിഞ്ഞതോടെയാണ് മുന്നറിയിപ്പ്. സംസ്ഥാനത്തെ 30 ബ്ലോക്കുകളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് തുടരുകയാണ്. ഉത്തരാഖണ്ഡിലും , ഹിമാചൽപ്രദേശിലും മഴ തുടരുകയാണ്. മണ്ണിടിച്ചിൽ ദേശീയ പാതയിലടക്കം ഗതാഗതം തടസപ്പെട്ടു. യുപി, ഹരിയാന, പഞ്ചാബ്, ദില്ലി സംസ്ഥാനങ്ങളില്‍ വരും മണിക്കൂറിൽ ഇടിയോട് കൂടിയ മഴ പെയ്യും.