തെരച്ചിലിനിടെ ജാക്കറ്റ് ഒഴുകിപ്പോയതോടെ വെള്ളപാച്ചിലില്‍പ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സേനാംഗം ശ്രീനിവാസ് റാവു മരിച്ചു. ചെയ്യേരു നദിയില്‍ ഒഴുക്കില്‍പ്പെട്ട 30 പേരില്‍ 16 പേരുടെ മൃതദേഹം കണ്ടെത്തി. 

അമരാവതി: ആന്ധ്രാ മഴക്കെടുതിയില്‍ (Andhra Pradesh floods) മരണം 39 ആയി. കനത്ത മഴ തുടരുന്നതിനാല്‍ തിരുപ്പതിയില്‍ (Tirupati) വെള്ളപ്പൊക്കം രൂക്ഷമാണ്. നാളെ പുലര്‍ച്ചയോടെ മഴ കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പതിറ്റാണ്ടുകള്‍ക്കിടയിലെ ഏറ്റവും വലിയ ദുരിതപെയ്ത്താണ് ആന്ധ്രയില്‍ സംഭവിക്കുന്നത്. നെല്ലൂര്‍ ചിറ്റൂര്‍ കഡപ്പ അടക്കം കിഴക്കന്‍ ജില്ലകള്‍ പ്രളയത്തിലാണ്. താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിലാണ്. ഒഴുക്കില്‍പ്പെട്ട അമ്പതോളം പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. ബസ് ഒഴുക്കില്‍പ്പെട്ട് കാണാതായ 15 യാത്രകാര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. 

തെരച്ചിലിനിടെ ജാക്കറ്റ് ഒഴുകിപ്പോയതോടെ വെള്ളപാച്ചിലില്‍പ്പെട്ട് സംസ്ഥാന ദുരന്ത നിവാരണ സേനാംഗം ശ്രീനിവാസ് റാവു മരിച്ചു. ചെയ്യേരു നദിയില്‍ ഒഴുക്കില്‍പ്പെട്ട 30 പേരില്‍ 16 പേരുടെ മൃതദേഹം കണ്ടെത്തി. തിരുമല ക്ഷേത്രത്തില്‍ വെള്ളക്കെട്ട് കുറഞ്ഞെങ്കിലും തിരുപ്പതി നഗരത്തില്‍ സ്ഥിതിരൂക്ഷമാണ്. ക്ഷേത്ര പരിസരത്തുള്ള നാല് തെരുവുകള്‍ വെള്ളത്തിലാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ഇരുപതിനായിരത്തോളം തീര്‍ത്ഥാടകരാണ് ക്യാമ്പുകളില്‍ കഴിയുന്നത്.രണ്ടായിരത്തോളം വീടുകള്‍ തകര്‍ന്നു. ഇരുപതിനായിരം ഹെക്ടര്‍ കൃഷി നശിച്ചു. ഹെലികോപ്റ്ററില്‍ പ്രളയമേഖല സന്ദര്‍ശിച്ച മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

മണ്ണിടിഞ്ഞും മരംവീണും ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു. വിജയവാഡ ഗുണ്ടക്കല്‍ റെയില്‍വസ്റ്റേഷനുകളിലും തിരുപ്പൂര്‍ വിമാനത്താവളത്തിലും വെള്ളപ്പാെക്കമാണ്. വിജയവാഡ റൂട്ടിലൂടെ പോകുന്ന കേരളത്തില്‍ നിന്നുള്ള ഒന്‍പത് ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴ-ധൻബാദ്, കൊച്ചുവേളി - ഗോരഖ്പൂർ, നാഗർകോവിൽ - മുംബൈ സിഎസ്ടി, തിരുവനന്തപുരം - സെക്കന്തരാബാദ്, എറണാകുളം - ടാറ്റാനഗർ,
ടാറ്റാനഗർ - എറണാകുളം, തിരുനെൽവേലി ബിലാസ്പൂർ, ദില്ലി - കേരള ഷാലിമാർ, ഗുരുദേവ് എക്സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്