Asianet News MalayalamAsianet News Malayalam

വിളിച്ചയാൾ പറഞ്ഞതുപോലെ ഫോണിലെ ഓപ്ഷനെടുത്തു; നഷ്ടം 27 ലക്ഷം, ആരുമറിയാതെ എഫ്.ഡി പിൻവലിച്ചു, പുതിയ ലോണുമെടുത്തു

എന്താണ് സംഭവിച്ചതെന്ന് മനസിലായത് മൂന്ന് ദിവസങ്ങൾക്ക് ശേഷമായിരുന്നു. അപ്പോഴേക്കും 27 ലക്ഷം രൂപയുടെ നഷ്ടം പരാതിക്കാരിക്ക് സംഭവിച്ചും കഴിഞ്ഞു.

followed a caller and selected an option in phone resulted in the loss of 27 lakhs broke FD and took loan too
Author
First Published Sep 14, 2024, 2:42 PM IST | Last Updated Sep 14, 2024, 2:42 PM IST

നോയിഡ: ഇ-സിം തട്ടിപ്പിന് ഇരയായ 44 വയസുകാരിക്ക് 27 ലക്ഷം രൂപ നഷ്ടമായി. തന്റെ ഫോണിലേക്ക് വന്ന ഒരു വാട്സ്ആപ് കോളാണ് ഇവരെ കെണിയിൽ വീഴ്ത്തിയത്. വിളിച്ചയാൾ പറഞ്ഞതുപോലെ ഫോണിൽ ചെയ്ത് മണിക്കൂറുകൾക്കം സിം കട്ടാവുകയും പണം നഷ്ടമാവുകയും ചെയ്തു. എന്നാൽ സംഭവിച്ചത് എന്തൊക്കെയാണെന്ന് മനസിലായത് പിന്നെയും ദിവസങ്ങൾ കഴിഞ്ഞു മാത്രമായിരിക്കും.

ഡൽഹിക്കടുത്ത് നോയിഡയിൽ നടന്ന സംഭവത്തിൽ സ്ത്രീയുടെ പരാതി പ്രകാരം സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ എഫ്ഐആ‍ർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. രണ്ടാഴ്ച മുമ്പാണ് ഇവർക്ക് ഫോണിലേക്ക് വാട്സ്ആപ് വഴി ഒരു കോൾ വന്നത്. ഒരു ടെലികോം കമ്പനിയുടെ കസ്റ്റമർ കെയറിൽ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തി. ഫോണിൽ ഇ-സിം സൗകര്യം ലഭ്യാമാവുമെന്നും ഫോൺ നഷ്ടപ്പെട്ടാൽ ഉൾപ്പെടെ ഈ സൗകര്യം ഉപകാരപ്രദമായിരിക്കുമെന്നും വിശദീകരിച്ച ശേഷം, ഇ-സിം സൗകര്യം ലഭ്യമാവുന്നതിനായി ഇത് ഫോണിൽ ആക്ടിവേറ്റ് ചെയ്യേണ്ടതുണ്ടെന്ന് അറഇയിച്ചു. ഫോണിൽ തന്നെയുള്ള സിം കാർഡ് ആപ്ലിക്കേഷനിൽ നിന്ന് ഇ-സിം ഓപ്ഷൻ തെരഞ്ഞെടുക്കാനും തുടർന്ന് ഫോണിൽ ലഭ്യമാവുന്ന ഒരു കോഡ് അവിടെ നൽകാനുമായിരുന്നു നിർദേശം. പറഞ്ഞത് പോലെ ചെയ്തപ്പോഴേക്കും മൊബൈൽ കണക്ഷൻ ഉടനെ തന്നെ ഡീആക്ടിവേറ്റ് ചെയ്യപ്പെട്ടു. എന്നാൽ തൊട്ടടുത്ത ദിവസം തന്നെ പുതിയ സിം കാർഡ് വീട്ടിൽ എത്തിക്കുമെന്ന് നേരത്തെ വിളിച്ചിരുന്നയാൾ പറ‌‌ഞ്ഞിട്ടുണ്ടായിരുന്നു.

എന്നാൽ രണ്ട് ദിവസം കഴിഞ്ഞും സിം കാർഡ് കിട്ടാതായപ്പോൾ സ്ത്രീ മൊബൈൽ കമ്പനിയുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ടു. നേരിട്ട് സർവീസ് സെന്ററിലെത്ത് ഡ്യൂപ്ലിക്കേറ്റ് സിം എടുക്കാനായിരുന്നു അവിടെ നിന്ന് കിട്ടിയ നിർദേശം. കണക്ഷൻ കട്ടായി മൂന്ന് ദിവസത്തിന് ശേഷമാണ് ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് കിട്ടിയത്. ഇത് ഫോണിൽ ഇട്ടപ്പോഴേക്കും ബാങ്കിൽ നിന്ന് നിരവധി മെസേജുകളും വന്നു. വൻതുകയുടെ തട്ടിപ്പ് നടന്നുവെന്ന വിവരം അപ്പോൾ മാത്രമാണ് ഇവർ തിരിച്ചറി‌ഞ്ഞത്.

താൻ എഫ്.ഡി ആയി ഇട്ടിരുന്ന പണം പിൻവലിക്കപ്പെട്ടു, രണ്ട് ബാങ്ക് അക്കൗണ്ടുകളിൽ ഉണ്ടായിരുന്ന പണവും പോയി. ഇതിന് പുറമെ നേരത്തെയുണ്ടായിരുന്ന ഒരു ലോണിലെ തുക ദീർഘിപ്പിച്ച് 7.40 ലക്ഷം രൂപ കൂടി എടുക്കുകയും ചെയ്തു. ഇതെല്ലാം താൻ അറിയാതെയാണ് സംഭവിച്ചതെന്ന് പരാതിയിൽ വിശദമാക്കിയിട്ടുണ്ട്. ഫോൺ നമ്പ‍ർ ഉപയോഗിച്ച് ഇ-മെയിൽ വിലാസം ഹാക്ക് ചെയ്ത തട്ടിപ്പ് സംഘം ഇവ രണ്ടും ഉപയോഗിച്ച് മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷനിൽ പ്രവേശനം സാധ്യമാക്കുകയും പല ഇടപാടുകളിലായി 27 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്തതായി പൊലീസ് പറയുന്നു. സംഭവത്തിൽ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios