ചെന്നൈ: പാർട്ടിക്കിടെ ആൺസുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചെന്നാരോപിച്ച് വിദ്യാർഥിനികളെ കോളേജിൽനിന്ന് പുറത്താക്കി. തമിഴ്നാട്ടിലെ  നാഗപട്ടണത്തുള്ള ധർമ്മപുരം അ​ദിനാം ആർ‌ട്ട് ആൻഡ് സയൻസ് കോളേജിലാണ് സംഭവം. പാർട്ടിക്കിടെ പകർത്തിയ വീഡിയോ വിദ്യാർഥികൾ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. വീഡിയോ വൈറലാകുകയും വലിയ ചർച്ചയ്ക്കിടയാകുകയും ചെയ്തതോടെയാണ് കോളേജ് അധികൃതർ വിദ്യാർഥികൾക്കെതിരെ നടപടിയെടുത്തത്.

നാല് വിദ്യാർഥിനികളെയാണ് കോളേജിൽനിന്ന് പുറത്താക്കിയിരിക്കുന്നത്. വിദ്യാർഥിനികൾ മദ്യപിക്കുന്ന രം​ഗങ്ങൾ വീഡിയോയിൽ വ്യക്തമാണ്.  എന്നാൽ, ആറ് മാസങ്ങൾക്ക് മുമ്പ് നടന്ന പാർട്ടിക്കിടെ പകർത്തിയ വീഡിയോയാണ് സാമൂഹ്യമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നത്. അന്ന് ആഘോഷപരിപാടിയിൽ പങ്കെടുത്ത ആൺകുട്ടികളിൽ ചിലരാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ജനുവരി രണ്ട് വരെയാണ് വിദ്യാർഥിനികളെ കോളേജിൽനിന്ന് പുറത്താക്കിയത്.