വസ്ത്രത്തിനകത്ത് പേപ്പര്‍ ഒളിപ്പിച്ചുവെന്ന് അധ്യാപിക വാദിച്ചു. ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍വച്ച് അധ്യാപിക വസ്ത്രമഴിക്കാന്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു.

ദില്ലി: പരീക്ഷയ്ക്ക് കോപ്പിയടിച്ചെന്ന് ആരോപിച്ച് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയുടെ വസ്ത്രമഴിപ്പിച്ച് അധ്യാപിക. ജാര്‍ഖണ്ഡിലെ ജംഷ്ഡ്പുരിലാണ് സംഭവം. അധ്യാപികയുടെ വസ്ത്രം അഴിച്ചുള്ള പരിശോധനയ്ക്ക് പിന്നാലെ പെണ്‍കുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വിദ്യാര്‍ഥിനിയുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനി പരീക്ഷയ്ക്കിനിടെ കോപ്പി അടിച്ചെന്നാണ് അധ്യാപിക ആരോപിച്ചത്.

വസ്ത്രത്തിനകത്ത് പേപ്പര്‍ ഒളിപ്പിച്ചുവെന്ന് അധ്യാപിക വാദിച്ചു. ക്ലാസ് മുറിയോട് ചേര്‍ന്നുള്ള മറ്റൊരു മുറിയില്‍വച്ച് അധ്യാപിക വസ്ത്രമഴിക്കാന്‍ വിദ്യാര്‍ഥിനിയോട് ആവശ്യപ്പെടുകയായിരുന്നു. പരിശോധനയ്ക്ക് പിന്നാലെ വീട്ടിലെത്തിയ പെണ്‍കുട്ടി തീകൊളുത്തുകയായിരുന്നുവെന്ന് പെണ്‍കുട്ടിയും അമ്മയും പൊലീസിന് മൊഴി നല്‍കി. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഐഐടി ഖരക്പൂരിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. 23കാരനായ വിദ്യാര്‍ത്ഥി ഫൈസാന്‍ അഹമ്മദിന്‍റെ മൃതദേഹമാണ് ക്യാമ്പസില്‍ കണ്ടെത്തിയത്. അസമിലെ ടിന്‍സൂക്കിയ സ്വദേശിയാണ് ഫൈസാന്‍. അടുത്തിടെയാണ് ഫൈസാന്‍ ഹോസ്റ്റലിലേക്ക് മാറിയതെന്നാണ് ഐഐടി ഖരക്പൂരിലെ അധികൃതര്‍ വിശദമാക്കുന്നത്. മെക്കാനിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു ഫൈസാന്‍.

വിദ്യാര്‍ത്ഥിയുടെ മരണവിവരം ബന്ധുക്കളെ അറിയിച്ചതായി ഐഐടി അധികൃതര്‍ വ്യക്തമാക്കി. ഐഐടി ക്യാമ്പസുകളിലെ വിദ്യാര്‍ത്ഥികളുടെ ആത്മഹത്യ ഇത് ആദ്യ സംഭവമല്ല. കഴിഞ്ഞ മാസം രണ്ട് വ്യത്യസ്ത ക്യാമ്പസുകളില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു. സെപ്തംബര്‍ 15ന് ഐഐടി മദ്രാസില്‍ ബിരുദ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ആത്മഹത്യയെന്നാണ് നിഗമനം. എയ്റോ സ്പേസ് ബിരുദ വിദ്യാര്‍ത്ഥിയാണ് മരിച്ചത്. സെപ്തംബര്‍ 17 ഐഐടി ഗുവാഹത്തിയില്‍ ഒരു വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഇതും ആത്മഹത്യയെന്നാണ് സംശയിക്കുന്നത്.