ഭാര്യക്ക് പ്രതിമാസം 20000 രൂപയും കുട്ടിക്ക് 10000 രൂപയും ജീവനാംശം നൽകാനായിരുന്നു വിചാരണക്കോടതി മുൻപ് ഉത്തരവിട്ടിരുന്നത്. തുക വളരെ കൂടുതലാണെന്നും തന്റെ വരുമാനപരിധിക്ക് പുറത്താണെന്നും കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
കൊൽക്കത്ത: ഭാര്യയുടെ ജോലി നിർബന്ധിച്ച് രാജി വയ്പ്പിച്ച ഭർത്താവിനോട് മാസം തോറും 30000 രൂപ ജീവനാംശം നൽകാൻ വിധിച്ച് കോടതി. സർക്കാർ ജോലി രാജി വയ്ക്കേണ്ടി വന്ന യുവതിക്കാണ് ദന്ത രോഗ വിദഗ്ധനായ ഭർത്താവ് മാസം തോറും ജീവനാംശം നൽകേണ്ടി വന്നത്. കൊൽക്കത്ത ഹൈക്കോടതിയുടേതാണ് ഉത്തരവ്. വിചാരണക്കോടതിയുടെ ഉത്തരവിനെതിരെ ഭർത്താവ് സമർപ്പിച്ച പുനപരിശോധനാ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് ഹിരണ്മയ് ഭട്ടാചാര്യയുടെ ഉത്തരവ്.തനിക്ക് പ്രതിമാസം 20000 രൂപ മാത്രമാണ് വരുമാനമെന്നും അതുകൊണ്ട് 30000 രൂപ ജീവനാംശം നൽകാൻ കഴിയില്ലെന്നുമാണ് ഡെന്റൽ സർജൻ കോടതിയിൽ വാദിച്ചത്. ഭാര്യക്ക് പ്രതിമാസം 20000 രൂപയും കുട്ടിക്ക് 10000 രൂപയും ജീവനാംശം നൽകാനായിരുന്നു വിചാരണക്കോടതി മുൻപ് ഉത്തരവിട്ടിരുന്നത്. തുക വളരെ കൂടുതലാണെന്നും തന്റെ വരുമാനപരിധിക്ക് പുറത്താണെന്നും കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഭർത്താവ് നൽകിയ സാമ്പത്തിക വിവരങ്ങളുടെ സത്യവാങ്മൂലം പരിശോധിച്ച കോടതി, ബാങ്ക് അക്കൗണ്ട് വിവരങ്ങളും മറ്റ് സാമ്പത്തിക വിവരങ്ങളും മറച്ചുവെച്ചതായി കണ്ടെത്തി. 20000 രൂപ വരുമാനമുണ്ടെന്ന് കാണിച്ചതല്ലാതെ മറ്റ് സ്വത്തുക്കളുടെ വിവരങ്ങളിൽ ലഭ്യമല്ല എന്നാണ് നൽകിയിരുന്നത്. ബാങ്ക് രേഖകൾ സമർപ്പിക്കാൻ തയ്യാറാണെന്ന് അഭിഭാഷകൻ അറിയിച്ചെങ്കിലും, ബാങ്ക് അക്കൗണ്ടുകൾ ഉണ്ടെന്ന വസ്തുത സത്യവാങ്മൂലത്തിൽ നിന്ന് ബോധപൂർവം മറച്ചുവെക്കുകയായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
തന്റെ യഥാർത്ഥ വരുമാനവും ബാങ്ക് രേഖകളും കൃത്യമായി വെളിപ്പെടുത്താത്ത ഭർത്താവിന്റെ നടപടി കേസിൽ അവർക്കെതിരെ തന്നെ തെളിവായി സ്വീകരിക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. ഭർത്താവിന്റെ നിർബന്ധത്തിന് വഴങ്ങിയാണ് ഭാര്യക്ക് ജോലി ഉപേക്ഷിക്കേണ്ടി വന്നത് എന്ന വസ്തുത വിചാരണക്കോടതി കൃത്യമായി പരിഗണിച്ചിട്ടുണ്ടെന്നും, ജീവനാംശ തുക നിശ്ചയിച്ചതിൽ കൃത്യമായ നിയമപരമായ മാനദണ്ഡങ്ങളാണ് പാലിച്ചതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. വിചാരണക്കോടതിയുടെ ഉത്തരവിൽ ഇടപെടാൻ തക്ക കാരണങ്ങളൊന്നുമില്ലെന്ന് വിലയിരുത്തി ഹർജി ഹൈക്കോടതി പൂർണ്ണമായും തള്ളുകയായിരുന്നു.


