ബംഗളൂരു: ബെംഗളൂരുവിൽ ഷെയർ ടാക്സിയിൽ യാത്ര ചെയ്ത വിദേശ വനിതയ്ക്കു നേരെ ആക്രമണം. ടാക്സിയിൽ കയറിയ യുവതിയെ ഡ്ര‌ൈവറുൾപ്പെടെ മൂന്നു പേർ ചേർന്ന് ഭീഷണിപ്പെടുത്തുകയും കൈയ്യിലുള്ള വസ്തുക്കൾ തട്ടിപ്പറിച്ച് ന​ഗ്നയാക്കി വഴിയിൽ ഇറക്കിവിടുകയുമായിരുന്നു. സംഭവത്തിൽ ആഫ്രിക്കൻ സ്വദേശിയായ 25കാരി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവം നടക്കുന്നതിന്റെ മൂന്നു ദിവസം മുമ്പാണ് യുവതി ബെംഗളൂരുവിലെത്തിയത്.

വൃക്ക രോഗത്തിനു ചികിത്സ തേടുന്നതിനായി എച്ച്ആർബിആർ ലേ ഔട്ടിലെ ആശുപത്രിയിലേയ്ക്കു പോകുന്നതിനുവേണ്ടിയാണ് യുവതി ടാക്സി ബുക്ക് ചെയ്തിരുന്നത്.  നഗരത്തിലെ കമ്മനഹള്ളിയിൽ നിന്നും കോത്തന്നൂർ ഭാഗത്തേയ്ക്ക് രാത്രി പത്തു മണിയോടെയായിരുന്നു ഷെയർ ടാക്സി ബുക്ക് ചെയ്തത്. കാറിൽ കയറുന്ന സമയത്ത് ഡ്രൈവറുൾപ്പെടെ മൂന്നു പേർ അതിലുണ്ടായിരുന്നുവെന്ന് യുവതി പരാതിയിൽ പറഞ്ഞു.

പാതി വഴി സഞ്ചരിച്ച ശേഷം എയർപോർട്ടിലേയ്ക്ക് പോകുന്ന റോഡിലേയ്ക്കു കാർ തിരിച്ചു. ഇതിനിടെ ഡ്രൈവറും സംഘവും ചേർന്ന് ഭീഷണിപ്പെടുത്തി തന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണും പണവും സ്വർണാഭരണങ്ങളും കവർന്നു. തുടർന്ന് തന്നെ ന​ഗ്നയാക്കി ദൊഡ്ഡബെലാപുരയ്ക്കു സമീപം ഇറക്കിവിടുകയുമായിരുന്നുവെന്നും യുവതി ആരോപിച്ചു. റോഡിൽ ന​ഗ്നയായി നിൽക്കുന്നതുകണ്ട യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി‌ പ്രദേശത്തുള്ള വീട്ടുകാർ വസ്ത്രം നൽകി സഹായിക്കുകയായിരുന്നു. ഇതിനുശേഷം യുവതി സംഭവത്തെക്കുറിച്ച് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് വനിതാ പൊലീസുകാർ ഉൾപ്പെടെയുളള സംഘം സ്ഥലത്തെത്തി ദൊഡ്ഡബെലാപുര സർക്കാർ ആശുപത്രിയിൽ യുവതിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയയാക്കി. ചികിത്സയ്ക്കായി പോകേണ്ടിയിരുന്ന എച്ച്ആർബിആർ ലേ ഔട്ടിലെ ആശുപത്രിയിൽ മുൻപ് ചികിത്സ തേടിയിട്ടുണ്ടെന്ന് യുവതി പറയുന്നുണ്ടെങ്കിലും ആശുപത്രി രേഖകളിൽ യുവതിയുടെ പേരില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ പരാതിയിൽ ദൊഡ്ഡബെലാപുര പൊലീസ് കേസെടുത്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.