വിജയ്യുടെ സാന്നിദ്ധ്യത്തിൽ മാത്രമേ താൻ പാർട്ടി അംഗത്വം എടുക്കൂ എന്ന് വിജയ് ഭാസ്കർ ശാഠ്യം പിടിച്ചതാണ് അംഗത്വം വൈകാൻ കാരണം. എന്നാൽ അംഗത്വം എടുത്തതിന് ശേഷം വിജയ് ഭാസ്കറുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
ചെന്നൈ: എംഎൽഎ സ്ഥാനം രാജിവെച്ച എഐഎഡിഎംകെ മുൻനേതാവ് സി വിജയഭാസ്കർ ടിവികെയിലേക്ക്. നാളെ രാവിലെ ടിവികെയിൽ അംഗത്വമെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഗുരുതര അഴിമതി ആരോപണം നേരിടുന്ന ആളാണ് വിജയ് ഭാസ്കർ. ഇതിനിടെയാണ് ടിവികെ പ്രവേശമെന്ന വാർത്തകൾ പുറത്തുവരുന്നത്. എഐഎഡിഎംകെ സർക്കാരിന്റെ കാലത്ത് ഏറ്റവും വലിയ അഴിമതിക്കാരനായ മന്ത്രിയെന്ന് സഹപ്രവർത്തകർ തന്നെ വിശേഷിപ്പിച്ചതായി അന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത മുൻ ആരോഗ്യമന്ത്രി സി വിജയഭാസ്കറാണ് ടിവികെയിൽ അംഗത്വമെടുക്കാനൊരുങ്ങുന്നത്. ഇത് സംബന്ധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചകൾ നടന്നു വരികയായിരുന്നു, വിജയ്യുടെ സാന്നിദ്ധ്യത്തിൽ മാത്രമേ താൻ പാർട്ടി അംഗത്വം എടുക്കൂ എന്ന് വിജയ് ഭാസ്കർ ശാഠ്യം പിടിച്ചതാണ് അംഗത്വം വൈകാൻ കാരണം. എന്നാൽ അംഗത്വം എടുത്തതിന് ശേഷം വിജയ് ഭാസ്കറുമായി മുഖ്യമന്ത്രി വിജയ് കൂടിക്കാഴ്ച നടത്തുമെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
സി വിജയഭാസ്കർ ആരോഗ്യമന്ത്രിയായിരിക്കേ അനധികൃതമായി ഗുഡ്ക ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് ഏകദേശം 90 കോടിയോളം രൂപ ഗുഡ്ക നിർമാതാക്കളിൽ നിന്നും അനധികൃത ഖനനം ചെയ്യുന്ന കമ്പനികളിൽ നിന്നും വാങ്ങിയെന്നും ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലുണ്ടായിരുന്നു. അനധികൃത സ്വത്ത് സമ്പാദന കേസിലും ഇദ്ദേഹം പ്രതിയായിരുന്നു. അദ്ദേഹത്തെ പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി ഫയൽ ഇപ്പോഴും തമിഴ്നാട് ലോക്ഭവനിലുണ്ട്. സ്വാധീനിക്കാൻ വോട്ടർമാർക്ക് 4000 രൂപ വീതം നൽകിയെന്നും കണ്ടെത്തലുണ്ട്.
