കൊൽക്കത്ത: പശ്ചിമബം​ഗാൾ മുൻമുഖ്യമന്ത്രിയും സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭട്ടാചാര്യയുടെ നില ​ഗുരുതരമാണെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. കൊവിഡ് പരിശോധനാ ഫലം നെ​ഗറ്റീവാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതർ പറഞ്ഞു. 

കൊൽക്കത്തയിലെ വുഡ്ലാന്റ് ആശുപത്രിയിലാണ് 76കാരനായ ഭട്ടാചാര്യയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം ഇപ്പോൾ ശ്വസിക്കുന്നത്. ബുദ്ധദേവ് ഭട്ടാചാര്യയുടെ ആരോ​ഗ്യ സ്ഥിതിയിൽ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മമതാ ബാനർജി, ആശുപത്രിയിലെത്തുകയും കുടുംബത്തിന് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ചെയ്തു. ​ഗവർണർ ജ​ഗ്ദീപ് ധങ്കറും ആശുപത്രിയിലെത്തി മുൻമുഖ്യമന്ത്രിയുടെ ആരോ​ഗ്യനില അന്വേഷിച്ചു.