കോണ്‍ഗ്രസിന്‍റെ സോഷ്യല്‍മീഡിയ വിങ്ങിന്‍റെ തലപ്പത്തിരിക്കുന്ന വ്യക്തി ഇത്തരം വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം. 

ദില്ലി: അഡോള്‍ഫ് ഹിറ്റ്ലറുടെ വ്യാജചിത്രം ട്വിറ്ററില്‍ പങ്കുവച്ച കോണ്‍ഗ്രസ് നേതാവ് ദിവ്യസ്പന്ദനയുടെ നടപടി വിവാദത്തില്‍. കോണ്‍ഗ്രസിന്‍റെ സോഷ്യല്‍മീഡിയ വിങ്ങിന്‍റെ തലപ്പത്തിരിക്കുന്ന വ്യക്തി ഇത്തരം വ്യാജചിത്രങ്ങള്‍ പ്രചരിപ്പിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്നത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം.

അഡോള്‍ഫ് ഹിറ്റ്ലറുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ചിത്രങ്ങള്‍ ഒന്നിച്ചാണ് ദിവ്യസ്പന്ദന ഇന്ന് സ്വന്തം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഇരുവരും കുട്ടികളുമായി സംവദിക്കുന്ന ചിത്രമാണ് പങ്കുവച്ചത്. ഹിറ്റ്ലറും മോദിയും കുട്ടികളോട് ഇടപഴകുന്നത് സമാനരീതിയിലാണെന്നാണ് ചിത്രത്തില്‍ കാണാനാവുക. എന്താണ് നിങ്ങളുടെ ചിന്ത എന്ന ചോദ്യത്തോടെയാണ് ദിവ്യസ്പന്ദന ചിത്രം ട്വീറ്റ് ചെയ്തത്.

Scroll to load tweet…

ഇതാദ്യമായല്ല ഈ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. 2018 ജൂലൈയില്‍ ഇതേ ചിത്രം വിത്ത് ഐഎന്‍സി എന്ന ഫേസ്ബുക്ക് പേജിലും പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഹിറ്റ്ലറുടെ ചിത്രം യഥാര്‍ത്ഥമായതില്‍ നിന്ന് മാറ്റങ്ങള്‍ വരുത്തി ഉണ്ടാക്കിയെടുത്തതാണ് എന്നതാണ് സത്യം. 

ഹിറ്റ്ലര്‍ കുട്ടിയുമൊത്ത് (Hitler photo with kid) എന്ന് ഗൂഗിളില്‍ തെരഞ്ഞാല്‍ത്തന്നെ യഥാര്‍ത്ഥ ചിത്രം ലഭിക്കുന്നതാണെന്നും വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ടൈംസ്ഓഫ്ഇന്ത്യ പറയുന്നു.