തന്‍റെ കടമ ചെയ്യാനാവാതെ വേദനിച്ചപ്പോള്‍, വിദ്യഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ബിജെപിയായെന്ന് ജേക്കബ് തോമസ് പറയുന്നു.

കൊച്ചി: താന്‍ എന്തുകൊണ്ട് ബിജെപിയില്‍ ചേര്‍ന്നുവെന്ന് വിശദീകരിച്ച് മുന്‍ ഡിജിപി ജേക്കബ് തോമസ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ കൂടിയായ ജേക്കബ് തോമസിന്‍റെ വിശദീകരണം. രാജ്യത്തിനായി എന്ത് ചെയ്യണമെന്ന് ചിന്തിച്ചപ്പോഴാണ് താന്‍ ബിജെപിയായത്. തന്‍റെ കടമ ചെയ്യാനാവാതെ വേദനിച്ചപ്പോള്‍, വിദ്യഭ്യാസം ആര്‍ക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താന്‍ ബിജെപിയായെന്ന് ജേക്കബ് തോമസ് പറയുന്നു.

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

ഞാൻ എന്തു കൊണ്ട് BJP ആയി ??
സിവിൽ സർവീസിന് പോകുമ്പോൾ രാജ്യത്തെയും ജനങ്ങളേയും സേവിക്കാമെന്ന് (serving the public) ആഗ്രഹിച്ചു. എൻ്റെ നാട്ടിൽ എൻ്റെ നേതാക്കളുടെ കൂടെ ജനങ്ങളെ നീതിപൂർവ്വകമായി സേവിക്കാനും സത്യസന്ധമായി ഭരണഘടന അനുശാസിക്കുന്ന രീതിയിൽ ജോലി ചെയ്യാനും ആഗ്രഹിച്ചു. എന്നാൽ സ്വാർത്ഥരായ രാഷ്ട്രബോധമില്ലാത്ത - ചിലരുടെ താൽപര്യത്തിന്/ ഇഷ്ടത്തിന് ഞാൻ എതിരുനിന്നപ്പോൾ എന്നെ ദ്രോഹിച്ചു. മാനസീകമായി പീഡിപ്പിച്ചു - അപമാനിച്ചു. ചില കള്ള രാഷ്ട്രീയക്കാരുടെ അഴിമതിക്ക് കുട്ടുനിൽക്കാനാവാതെ ഞാൻ ഒറ്റപ്പെട്ടു. വേദനിച്ചു - എൻ്റെ ജനങ്ങൾക്കായി 'എന്‍റെ രാജ്യത്തിനായി എന്തു ചെയ്യണമെന്നു ചിന്തിച്ചപ്പോൾ ജന്മനാടിന്റെ ആത്മാവ് കണ്ടെത്തിയ സ്വാമി വിവേകാനന്ദയും, ശ്രീനാരായണഗുരുവുമൊക്കെയാണ് ശരിയെന്നു ബോദ്ധ്യമായപ്പോൾ ,എന്‍റെ കടമ ചെയ്യാനാവാതെ ഞാൻ വേദനിച്ചപ്പോൾ , എന്‍റെ വിദ്യാഭ്യാസം ആർക്കും ഉപകാരമില്ലാതെ പാഴാകരുതെന്ന് തിരിച്ചറിഞ്ഞപ്പോൾ, അപ്പോൾ മാത്രമാണ്, പ്രവർത്തിക്കാനുള്ള പ്ലാറ്റ്ഫോം ആയി BJP ആയത്.

ഫെബ്രുവരി നാലിനാണ് ജേക്കബ് തോമസ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് അഗത്വം സ്വീകരിച്ചത്. സംസ്ഥാനത്ത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഏത് മണ്ഡലത്തിലാണ് മത്സരിക്കേണ്ടതെന്ന് പാർട്ടി തീരുമാനിക്കും. വികസനകാര്യത്തിൽ എൽഡിഎഫും യുഡിഎഫും പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയപ്പോൾ ശിക്ഷാ നടപടി നേരിട്ടു. ഇനി ജനങ്ങൾക്കൊപ്പം നീന്തുമെന്നുമായിരുന്നു ജേക്കബ് തോമസ് പറഞ്ഞത്.

'ഇത്രയും കാലം ജനങ്ങളോട് സംസാരിച്ചതിന് ശിക്ഷാ നടപടി നേരിട്ടു. ഇനി ശിക്ഷണ നടപടി നേരിടാതെ ജനങ്ങളോട് സംസാരിക്കണം. രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ബിജെപി. 

രാജ്യത്തെ നയിക്കുന്ന പാർട്ടിയുടെ ഭാഗമാകാനായാൽ അത് നല്ലതല്ലേ. മണ്ഡലമേതെന്ന് പാർട്ടി തീരുമാനിക്കേണ്ട കാര്യമാണ്. നയനിർമ്മാണത്തിൽ പങ്കാളിയാവുക എന്നതാണ് എന്‍റെ കാര്യം. വികസനകാര്യത്തിൽ കേരളത്തിന് മുന്നോട്ട് പോകാൻ ഈ പോക്ക് പോയാലാവില്ല. യുഡിഎഫിന്‍റെയും എൽഡിഎഫിന്‍റെയും നയങ്ങൾ പരാജയമാണ്. സ്രാവുകൾക്കൊപ്പം നീന്തിയത് സർവീസിലിരിക്കുമ്പോഴാണ്'. ഇനി ജനങ്ങളുടെ സുഖദുഖങ്ങളിൽ ഭാഗമായി അവർക്കൊപ്പം ജീവിക്കാനാണ് താത്പര്യമെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ വോട്ട് റേസ് പരിപാടിയോട് ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.