ഹിമാചൽ കോൺഗ്രസ് സർക്കാരിനെതിരെ വിമർശനമുന്നയിച്ച നേതാവ് നീരജ് ഭാരതിയെ പാർട്ടി വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കി. ഇതിന് പിന്നാലെ അദ്ദേഹത്തിൻ്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടും ബ്ലോക്ക് ചെയ്യപ്പെട്ടു. സർക്കാരിനെതിരായ വിമർശനങ്ങളുടെ പേരിലാണ് നടപടിയെങ്കിലും അക്കൗണ്ട് പൂട്ടിയതിൻ്റെ കാരണം വ്യക്തമല്ല.

ഷിംല: കോൺഗ്രസ് ഭരിക്കുന്ന ഹിമാചൽ സർക്കാരിനെതിരെ അതിശക്തമായ വിമർശനമുന്നയിച്ച നീരജ് ഭാരതിയുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തു. പ്രദേശ് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് നീക്കിയതിന് തൊട്ടുപിന്നാലെയാണിത്. സംസ്ഥാന സർക്കാരിനും പാർട്ടി നേതൃത്വത്തിനുമെതിരെ തുടർച്ചയായി വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് നടപടി. ഹിമാചൽ പ്രദേശിലെ കൃഷി വകുപ്പ് മന്ത്രി ചന്ദർ കുമാറിന്റെ മകനാണ് ഇദ്ദേഹം. ജവാലി മണ്ഡലത്തിൽ നിന്നുള്ള മുൻ എംഎൽഎയുമാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുഖ്യമന്ത്രി സുഖ്‌വിന്ദർ സിംഗ് സുഖുവിന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സംസ്ഥാന സർക്കാരിന്റെ പ്രവർത്തന ശൈലിയിലും ഭരണപരമായ തീരുമാനങ്ങളിലും തനിക്ക് വിയോജിപ്പുണ്ടെന്ന് പിസിസി അധ്യക്ഷൻ വിനയ് കുമാറിന് അയച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയിരുന്നു. രണ്ടു പേജുള്ള ഈ കത്ത് അദ്ദേഹം പിന്നീട് തൻ്റെ ഫേസ്ബുക്ക് അക്കൗണ്ടിലും പങ്കുവെച്ചിരുന്നു. പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുന്ന തരത്തിൽ പരസ്യ പ്രസ്താവനകളും സോഷ്യൽ മീഡിയ പോസ്റ്റുകളുടെയും പേരിലാണ് ഇദ്ദേഹത്തിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. സുഖ്‌വിന്ദർ സിംഗ് സുഖു സർക്കാരിനെതിരെയും കോൺഗ്രസിനെതിരെയും പരസ്യമായി രംഗത്തുവന്ന പശ്ചാത്തലത്തിൽ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെട്ടത് സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. എന്തെങ്കിലും പരാതികളുടെ അടിസ്ഥാനത്തിലാണോ അതോ ഫേസ്ബുക്കിന്റെ നയങ്ങൾ ലംഘിച്ചതു കൊണ്ടാണോ അക്കൗണ്ട് പൂട്ടിയത് എന്ന കാര്യത്തിൽ നിലവിൽ വ്യക്തതയില്ല.