മുംബൈ: പൗരത്വ നിയമ ഭേദഗതി ബില്ല് പാസാക്കിയതിനെതിരെ ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കാനെത്തിയ മുന്‍ ഐ എ എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. പിന്നീട് വിട്ടയയ്ക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനൊടുവിലാണ് കണ്ണന്‍ ഗോപിനാഥനെ പോലീസ് മോചിപ്പിച്ചത്. 

നൂറ് കണക്കിന് വിദ്യാര്‍ത്ഥികള്‍ പോലീസ് സ്റ്റേഷനില്‍ പ്രതിഷേധവുമായി എത്തിയതിനെ തുടര്‍ന്നാണ് കണ്ണന്‍ ഗോപിനാഥനെ മോചിപ്പിക്കാന്‍ പോലീസ് നിര്‍ബന്ധിതനായത്. തീപ്പന്തവുമേന്തി നൂറു കണക്കിന് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ തോളിലേറ്റിയാണ് പുറത്തിറക്കിക്കൊണ്ടുപോയത്. 'തുടങ്ങിയിട്ടേയുള്ളൂ അമിത്ഷാ, ഈ രാജ്യത്തെ മനസിലാക്കിക്കോളൂ'- പുറത്തിറങ്ങിയ ഉടനെ കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

കശ്മീരിൽ കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ചാണ് ഇദ്ദേഹം ഐഎഎസ് ജോലി രാജിവച്ചത്. രാജ്യത്ത് നടക്കുന്നത് തെറ്റാണെന്ന് തോന്നിയിട്ടും മൗനം പാലിക്കുന്നവര്‍ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. തീരുമാനങ്ങൾ എടുക്കാനുള്ള അധികാരം സർക്കാരിനുണ്ടെന്നും എന്നാൽ അവയ്ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം നിഷേധിക്കാൻ സർക്കാരിനാകില്ലെന്നും കണ്ണൻ ഗോപിനാഥൻ അന്ന് പറഞ്ഞിരുന്നു.

അതേസമയം പൗരത്വ ബില്ലിനെതിരെ രാജ്യത്തെമ്പാടും ശക്തമായ പ്രതിഷേധം നടക്കുന്നുണ്ട്. ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധസമരം പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് ദില്ലിയിൽ തെരുവ് യുദ്ധമാണ് ഇന്ന് അരങ്ങേറിയത്. പാർലമെൻറ് മാർച്ച് നടത്താനുള്ള വിദ്യാർത്ഥികളുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്.

ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഘർഷമായി വിദ്യാർത്ഥികളും പൊലീസും തമ്മിൽ കല്ലേറ് തുടങ്ങി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു. നിരവധി വാഹനങ്ങൾ തകർത്തു. വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു.

വിഷയത്തിൽ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം നടത്താൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ തീരുമാനമായി. എൽഡിഎഫും യുഡിഎഫും തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തിൽ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും.