Asianet News MalayalamAsianet News Malayalam

തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്‍റായി 'കര്‍ണാടക സിംഗ'ത്തിന് നിയമനം

ബിജെപിയിൽ പ്രാഥമികാംഗത്വം എടുത്തുകൊണ്ടാണ്, തന്റെ മുപ്പത്തഞ്ചാം വയസ്സിൽ ഔപചാരികമായി അണ്ണാമലൈ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ബിജെപിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ കരൂര്‍ സ്വദേശിയായ അണ്ണാമലൈയ്ക്ക് എതിരെ കോയമ്പത്തൂര്‍ സിറ്റി പൊലീസ് കേസ് എടുത്തിരുന്നു. സിദ്ദാപുതൂരില്‍ അണ്ണാമലൈയ്ക്ക് ഒരുക്കിയ സ്വീകരണം കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു കേസ്. 

former ips officer k annamalai appointed as vice president of tamilnadu BJP
Author
Siddhapudur, First Published Aug 29, 2020, 10:55 PM IST
  • Facebook
  • Twitter
  • Whatsapp

ഐപിഎസ് വിട്ട  കര്‍ണാടക സിംഗം എന്നറിയപ്പെട്ടിരുന്ന കെ അണ്ണാമലൈയ്ക്ക് തമിഴ്നാട് ബിജെപിയുടെ വൈസ് പ്രസിഡന്‍റായി നിയമനം. അണ്ണാമലൈയെ സംസ്ഥാന ബിജെപി നേതൃസ്ഥാനത്തേക്ക് ശനിയാഴ്ചയാണ് നിയോഗിച്ചതെന്നാ ദി ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട്. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ഓഗസ്റ്റ് 25നായിരുന്നു അണ്ണാമലൈ ബിജെപി പ്രാഥമികാംഗത്വമെടുത്തത്.  

ബിജെപിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ കരൂര്‍ സ്വദേശിയായ അണ്ണാമലൈയ്ക്ക് എതിരെ കോയമ്പത്തൂര്‍ സിറ്റി പൊലീസ് കേസ് എടുത്തിരുന്നു. സിദ്ദാപുതൂരില്‍ അണ്ണാമലൈയ്ക്ക് ഒരുക്കിയ സ്വീകരണം കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ചില്ലെന്ന് കാണിച്ചായിരുന്നു കേസ്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ മുന്‍നിര്‍ത്തിയായിരുന്നു അണ്ണാമലൈ ബിജെപിയില്‍ ചേര്‍ന്നത്. ചെന്നൈ. കോയമ്പത്തൂര്‍ എന്നിവിടങ്ങളിലാകും നിയമസഭാ തെരഞ്ഞെടുപ്പിലെ അണ്ണാമലൈയുടെ പ്രവര്‍ത്തനമെന്നാണ് വിലയിരുത്തല്‍. 

'സൂപ്പർ കോപ്പ്', 'ഉഡുപ്പി സിങ്കം' എന്നൊക്കെ അറിയപ്പെടുന്ന അണ്ണാമലൈ കുപ്പുസ്വാമി ബിജെപിയിൽ പ്രാഥമികാംഗത്വം എടുത്തുകൊണ്ടാണ്, തന്റെ മുപ്പത്തഞ്ചാം വയസ്സിൽ ഔപചാരികമായി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. താനൊരു തികഞ്ഞ രാജ്യസ്നേഹി ആണെന്നും, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഹൃദയത്തിൽ വെച്ചാരാധിക്കുന്ന വ്യക്തിയാണ് എന്നുമൊക്കെ അവകാശപ്പെടുന്ന അണ്ണാമലൈ പറയുന്നത് രാജ്യത്ത് സ്വജനപക്ഷപാതവും പാദസേവയും ഒന്നുമില്ലാത്ത ഒരേയൊരു പാർട്ടി ബിജെപി ആണെന്നാണ്. 

കർണാടക പോലീസിൽ എസ്പി ആയിരുന്ന അണ്ണാമലൈ, മെയ് 2019 -ലാണ് സർവീസിൽ നിന്ന് രാജിവെച്ചിറങ്ങുന്നത്. തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ജനിച്ച അണ്ണാമലൈ കോയമ്പത്തൂർ പിഎസ്ജി കോളേജിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ് ബിരുദവും, ഐഐഎം ലഖ്‌‌നൗവിൽ നിന്ന് മാനേജ്‌മെന്റ് ബിരുദവും നേടിയ ശേഷമാണ് സിവിൽ സർവീസ് പരീക്ഷയിൽ വിജയിക്കുന്നത്. 2011 ബാച്ചിൽ ഐപിഎസ് പാസായ അദ്ദേഹത്തിന്റെ ആദ്യ പോസ്റ്റിങ് 2013 -ൽ ഉഡുപ്പി എഎസ്പി ആയിട്ടായിരുന്നു. സ്ഥാനമേറ്റെടുത്ത ശേഷം ആ തീരദേശ നഗരത്തിലെ കുറ്റവാളികൾക്ക് അണ്ണാമലൈ ഒരു പേടിസ്വപ്നമായി മാറിയിരുന്നു. അവിടെ വെച്ചാണ് അദ്ദേഹത്തിന് 'ഉഡുപ്പി സിങ്കം' എന്ന വിളിപ്പേര് കിട്ടിയത്. 2013 -14 കാലയളവിൽ വർഗീയ കലാപങ്ങൾ ധാരാളമുണ്ടായ ഭട്കൽ ബെൽറ്റിൽ ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹം ഖുർആനും ആഴത്തിൽ അഭ്യസിക്കാൻ ശ്രമിച്ചിട്ടുണ്ട്. കുന്താപൂരിലെ ഒരു പള്ളിയിലെ മൗലവിയുടെ സഹായത്തോടെ താൻ ഇസ്ലാമിനെ അടുത്തറിഞ്ഞ് പഠിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നാണ് അണ്ണാമലൈ പറഞ്ഞിട്ടുള്ളത്.  

2015 -16ൽ ചിക്കമംഗളുരു എസ്പി ആയി സ്ഥാനക്കയറ്റം കിട്ടുന്നു. അതിനു ശേഷം 2017 -ലുണ്ടായ ബാബാ ബുദൻഗിരി കലാപത്തെ നേരിട്ട സമയത്തെ അണ്ണാമലൈയുടെ പ്രവർത്തനങ്ങൾ ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു.  എട്ടുവർഷത്തോളം വിവിധ പോസ്റ്റുകളിൽ ഇരുന്ന ശേഷമാണ് കഴിഞ്ഞ വർഷം മെയിൽ ഐപിഎസിൽ നിന്ന് രാജിവെക്കാൻ തീരുമാനിക്കുന്നത്. 2018 ൽ ബെംഗളൂരു സൗത്ത് ഡിസിപി ആയിരുന്ന കാലത്ത് സീനിയർ ആയിരുന്ന മധുകർ ഷെട്ടി ഐപിഎസ് ദുരൂഹ സാഹചര്യത്തിൽ സ്വൈൻ ഫ്ലൂ മൂർച്ഛിച്ച് മരിച്ചതിനു പിന്നാലെയാണ് ആ സംഭവം വല്ലാതെ അലട്ടിയ അണ്ണാമലൈയും ഐപിഎസ് രാജിവെക്കുന്നത്. കഴിഞ്ഞ വർഷം ജോലി രാജിവെച്ചിറങ്ങിയ ശേഷം ജന്മനാടായ കരൂരിൽ ജൈവകൃഷി പരീക്ഷണങ്ങളുമായി കഴിഞ്ഞു കൂടുകയായിരുന്നു അണ്ണാമലൈ. 

Follow Us:
Download App:
  • android
  • ios